കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ ഒറ്റയടിക്ക് രാജ്യത്തെ ദാരിദ്ര്യം മുഴുവൻ നിർമാർജനം ചെയ്യുമെന്ന് രാഹുൽ ഗാന്ധി. ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബത്തിലെ സ്ത്രീക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വർഷം ഒരു ലക്ഷം രൂപ നൽകുമെന്നും അദ്ദേഹം പറഞ്ഞു. കർഷകർ ആവശ്യപ്പെടുന്ന മിനിമം താങ്ങുവില, പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നിവ ഉയർത്തികാട്ടി സംസാരിച്ച രാഹുൽ ഗാന്ധി, ബിജെപിയെ കടന്നാക്രമിച്ചു. കർഷകർ മിനിമം താങ്ങുവിലയും യുവാക്കൾ തൊഴിലും ആവശ്യപ്പെടുന്നു. സ്ത്രീകൾക്ക് വേണ്ടത് വിലക്കയറ്റത്തിൽനിന്നുള്ള മോചനമാണ്.
നിങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെ ആണെങ്കിൽ വർഷം ഒരു ലക്ഷം രൂപ (മാസം 8500) നൽകി ഒറ്റയടിക്ക് ഇന്ത്യയിലെ ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് പ്രകടനപത്രികയിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
കർഷകരെ ഭീകരർ എന്നുവിളിച്ച മോദി മിനിമം താങ്ങുവില നൽകാൻ തയ്യാറായില്ല. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് കർഷകർക്ക് നികുതി നൽകേണ്ടിവന്നത്. കർഷകരുടെയും പിന്നാക്കവിഭാഗങ്ങളുടെയും ദരിദ്രരുടെയും വിഷയം ചർച്ചചെയ്യാൻ താൽപര്യമില്ലാത്ത ബിജെപി, ജനശ്രദ്ധ തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘ന്യായ് പത്ര്’ എന്ന കോൺഗ്രസിന്റെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയ മഹാലക്ഷ്മി സംരഭത്തെ സംബന്ധിച്ച് രാജസ്ഥാനിലെ റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.