തളിപ്പറമ്പ് പുഷ്പഗിരിയിൽ ചാപ്പലിന് നേരെ കല്ലേറും ആക്രമണവും പതിവാകുന്നു. ഗാന്ധിനഗർ കരിമ്പം റോഡിലെ ഫാത്തിമ എഫ്‌സി കോൺവെന്റ് ആൻഡ് ലേഡീസ് ഹോസ്റ്റലും കോൺവെൻ്റ ചാപ്പലുമാണ് രണ്ടു തവണയായി ആക്രമിക്കപ്പെട്ടത്. ബുധനാഴ്‌ച രാത്രി ഒൻപതരയോടെയും പന്ത്രണ്ടോടെയുമായിരുന്നു ആക്രമണം. ഒമ്പതരയോടെ കോൺവെന്റ് വളപ്പിലേക്ക് അതിക്രമിച്ചു കയറിയ മൂന്നംഗ സംഘമാണ് ആദ്യം ആക്രമണം നടത്തിയത്. ഹോസ്റ്റൽ വളപ്പിനുള്ളിൽ എത്തിയ സംഘം ഹോസ്റ്റലിന്റെ ഉള്ളിലേക്കും ചാപ്പലിലേക്കും കല്ലുകൾ വലിച്ചെറിയുകയായിരുന്നു. ശബ്ദം കേട്ട് പുറത്തുവന്ന മദർ ഇൻ ചാർജ് ആയ സിസ്റ്റർ ജോസ്നയുടെ നേതൃത്വത്തിൽ പരിസരത്ത് ടോർച്ചടിച്ച് പരിശോധന നടത്തിയെങ്കിലും അപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. പിന്നീട് രാത്രി 12:30 യോടെ ആക്രമികൾ തിരിച്ചെത്തി കോൺവെന്റ് ചാപ്പലിന് നേരെ കല്ലേറ് നടത്തുകയായിരുന്നു. കല്ലേറിൽ ചാപ്പലിന്റെ ജനൽ ചില്ലുകൾ തകർന്നു.
കരിങ്കല്ലം ചെങ്കലിന്റെ കഷ്ണങ്ങളും മറ്റും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ആദ്യം അക്രമണം ഉണ്ടായപ്പോൾ കോൺവെന്റിലെ കുട്ടികൾ ഭയന്ന് നിലവിളിച്ചു. ഈ ശബ്ദം കേട്ടാണ് കന്യാസ്ത്രീകൾ പുറത്തെത്തിയത്. ഇതോടെ മടങ്ങിയ ആക്രമികൾ വീണ്ടും തിരിച്ചെത്തുകയായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിൽ ഭയന്ന് ഉറങ്ങാതെ നേരം വെളുപ്പിക്കുകയായിരുന്നു ഹോസ്റ്റലിലെ കുട്ടികളും കോൺവെന്റിലെ കന്യാസ്ത്രീകളും. പോലീസിൽ നൽകിയ പരാതിയനുസരിച്ച് അവർ സ്ഥലത്തെത്തുകയും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിക്കുകയും ചെയ്തു. ഹോസ്റ്റലിനും ചാപ്പലിനും നേരെ ഉണ്ടായ ആക്രമണത്തിൽ അന്വേഷണം ഊർജിതമാക്കുമെന്നും പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും പോലീസ് അറിയിച്ചു.