എറണാകുളം: അതിഥി തൊഴിലാളി അരുണാചല്‍ പ്രദേശ് സ്വദേശിയായ അശോക് ദാസ് മരിച്ചത് ആൾക്കൂട്ട മർദനത്തെ തുടർന്നാണെന്ന് സ്ഥിരീകരിച്ച് പൊലീസ്.മൂവാറ്റുപുഴ വാളകത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത 10 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. വിജീഷ്, അനീഷ്, സത്യൻ, സൂരജ്, കേശവ്, ഏലിയാസ് കെ പോൾ, അമൽ, അതുൽകൃഷ്ണ, എമിൽ, സനൽ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
മർദ്ദനത്തെ തുടർന്ന് അവശനിലയിലായ അശോക് ദാസിനെ പുലര്‍ച്ചെ തന്നെ പൊലീസ് എത്തി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചു എങ്കിലും രാവിലെ വിദഗ്‌ധ ചികിത്സയ്ക്കായി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ മരണം സംഭവിച്ചിരുന്നു. തലയിലും നെഞ്ചിലും ഏറ്റ ക്ഷതം മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇയാള്‍ക്കൊപ്പം ഹോട്ടലിൽ ഒപ്പം ജോലി ചെയ്‌തിരുന്ന യുവതിയുടെ വീട്ടിൽ രാത്രി സന്ദർശനം നടത്തുന്നതിനിടെയായിരുന്നു അക്രമം. പോസ്റ്റ്മോർട്ടത്തിനുശേഷം അശോക് ദാസിന്‍റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ മൂവാറ്റുപുഴയിലേക്ക് എത്തിയതിനു ശേഷമായിരിക്കും തുടര്‍ നടപടികളുണ്ടാകുക.









