കൊച്ചി: സ്കൂളുകളിലെ വെക്കേഷൻ ക്ലാസുകൾ നടത്താനുള്ള ഉപാധികളുമായി ഹൈക്കോടതി. സിബിഎസ്ഇ, ഐസിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകൾക്കാണ് ഉപാധികളോടെ വെക്കേഷൻ ക്ലാസ് നടത്താൻ ഹൈക്കോടതി അനുമതി. രാവിലെ 7.30 മുതൽ 10.30 വരെയുള്ള സമയം ക്ലാസുകൾ നടത്താനാണ് അനുമതി. കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾസ് കേരളയടക്കം സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, അബ്ദുൾ ഹക്കിം എന്നിവരുടെ ഡിവിഷൻ ബെഞ്ചിൻറെ ഉത്തരവ്.
എന്നാൽ കേരള, വിദ്യാഭ്യാസ ചട്ടത്തിൽ ഇതിന് വ്യവസ്ഥയില്ലെന്ന കാരണത്താൽ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് വെക്കേഷൻ ക്ലാസിന് അനുമതിയില്ല. ഈ സ്കൂളുകളിൽ ആവശ്യമെങ്കിൽ സർക്കാരിന് പ്രത്യേക ഉത്തരവിറക്കി വെക്കേഷൻ ക്ലാസുകൾ നടത്താമെന്നും കോടതി വ്യക്തമാക്കി. രക്ഷിതാക്കളുടെ സമ്മതമുണ്ടെങ്കിൽ വെക്കേഷൻ ക്ലാസുകൾ നടത്താമെന്ന് നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു.