നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരാകുന്നു. ഈ മാസം 24ന് വടക്കാഞ്ചേരിയില്‍ വെച്ചാണ് വിവാഹം. ഇരുവരുടേതും പ്രണയ വിവാഹമാണ്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങിയ ‘മലര്‍വാടി ആര്‍ട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് ദീപക് പറമ്പോൽ സിനിമയിലേക്കെത്തുന്നത്.
തട്ടത്തിൻ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാർ, ക്യാപ്റ്റൻ, ബി ടെക്ക്, കണ്ണൂർ സ്ക്വാഡ് തുടങ്ങി അടുത്തിടെ വമ്പൻ ഹിറ്റായ മഞ്ഞുമ്മൽ ബോയ്സിൽ ആണ് ദീപക് പറമ്പോലിന്റെ അവസാനമായി ഇറങ്ങിയ ചിത്രം. ധ്യാൻ ശ്രീനിവാസൻ പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ തുടങ്ങിവർ അണിനിരക്കുന്ന ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ആണ് ഇനി വരാനുള്ളത്.
‘ഞാന്‍ പ്രകാശന്‍’ എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെയാണ് അപര്‍ണ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ബീസ്റ്റ് എന്ന വിജയ് ചിത്രത്തിൽ തമിഴകത്ത് അരങ്ങേറിയ അപർണ കഴിഞ്ഞ വർഷം റിലീസ് ചെയ്ത ‘ഡാഡ’ എന്ന തമിഴ് ചിത്രത്തിൽ നായികയായി മികച്ച അഭിനയം ആണ് കാഴ്ച വെച്ചത്. ‘ആദികേശവ’ എന്ന ചിത്രത്തിലൂടെ തെലുങ്കിലും അപർണ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ‘സീക്രട്ട് ഹോം’ ആണ് അപർണയുടെ ഒടുവിൽ തിയേറ്റർ റിലീസ് ചെയ്ത ചിത്രം.