ഇന്നലെ വൈകിട്ട് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ഇറാനിയന്‍ മത്സ്യബന്ധന കപ്പല്‍ മോചിപ്പിക്കാനുള്ള രക്ഷാദൗത്യം ഏറ്റെടുത്ത് ഇന്ത്യൻ നാവികസേന. അറബിക്കടലില്‍ കടല്‍ക്കൊള്ളക്കാര്‍ക്കെതിരെയുള്ള നാവികസേനയുടെ ദൗത്യം ആരംഭിച്ചു. ദൗത്യത്തിനായി നാവികസേനയുടെ രണ്ട് കപ്പലുകള്‍ അറബിക്കടലില്‍ വിന്യസിച്ചു. ഹൂതികളുടെ തുടർച്ചയായ ആക്രമണങ്ങൾക്കിടയിൽ ഏദൻ ഉൾക്കടലിലും അറബിക്കടലിലും സോമാലിയയുടെ കിഴക്കൻ തീരത്തും “ഓപ്പറേഷൻ സങ്കൽപ്” എന്ന പേരിൽ നാവികസേന പ്രവർത്തിക്കുന്നുണ്ട്. ഇന്നലെ വൈകിട്ടാണ് കപ്പല്‍ റാഞ്ചിയ വിവരം നാവികസേനയ്ക്ക് ലഭിക്കുന്നത്.
ഇറാനിയൻ മത്സ്യബന്ധന കപ്പലായ അൽ കമ്പാർ 786 ആണ് കടൽക്കൊള്ളക്കാർ റാഞ്ചിയത് . പാകിസ്താനികളാണ് കപ്പലിലെ ജീവനക്കാർ. ഇവർ സുരക്ഷിതരാണെന്നാണ് വിവരം. സമുദ്ര സുരക്ഷാ പ്രവർത്തനങ്ങൾക്കായി അറബിക്കടലിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ നാവികസേനയുടെ രണ്ട് കപ്പലുകളാണ് രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്നത്. സോകോത്രയിൽ നിന്ന് 90 നോട്ടിക്കൽ മൈൽ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് വച്ചാണ് കടൽക്കൊള്ളക്കാർ മത്സ്യബന്ധന കപ്പൽ റാഞ്ചിയത് എന്നാണ് വിവരം.