ആദ്യ വിവാഹം മുടങ്ങിയത് ചൂണ്ടിക്കാട്ടി ഭാര്യ ‘സെക്കൻഡ് ഹാൻഡ്’ എന്ന് വിളിച്ചതിന് യുവതിയുടെ മുൻ ഭർത്താവ് ഒരുകോടി രൂപ നഷ്ടപരിഹാരവും ഒന്നര ലക്ഷം രൂപ പ്രതിമാസം ജീവനാംശവും നൽകണമെന്ന് മുംബൈ ഹൈക്കോടതി വിധി. ഹണിമൂൺ കാലത്ത് ഭർത്താവ് തന്നെ സെക്കൻഡ് ഹാൻഡ് എന്ന് വിളിച്ച് ആക്ഷേപിച്ചു എന്നു ചൂണ്ടിക്കാട്ടി യുവതി നൽകിയ പരാതിയിൻമേലാണ് വിധി.
1994 ജനുവരിയിൽ കണ്ടുമുട്ടിയ ദമ്പതികൾ അമേരിക്കയിൽ വച്ചാണ് വിവാഹിതരായത്. 2005 ഓടെ ഇരുവരും മുംബൈയിലേക്ക് താമസം മാറ്റി. 2014 ൽ തിരികെ യുഎസിലേക്ക് പോയ ഭർത്താവ് 2017 ൽ വിവാഹമോചനം ആവശ്യപ്പെട്ട് അമേരിക്കയിലെ കോടതിയെ സമീപിച്ചു. ഇതേ തുടർന്ന് യുവതി ഭർത്താവിനെതീരെ മുംബൈ മജിസ്ട്രേറ്റ് കോടതിയിൽ ഗാർഹിക പീഡനക്കേസും നൽകി. വിവാഹം കഴിഞ്ഞ നാളുകളിൽ ഭർത്താവ് തന്റെ ആദ്യ വിവാഹം മുടങ്ങിയത് ചൂണ്ടിക്കാട്ടി ‘സെക്കൻഡ് ഹാൻഡ്’ എന്ന് വിളിച്ച് ആക്ഷേപിച്ചു എന്നായിരുന്നു ഭാര്യയുടെ പരാതി. മാത്രമല്ല മറ്റു പുരുഷന്മാരുമായി ബന്ധപ്പെടുത്തി തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നു എന്നും യുവതി ആരോപിച്ചു.
2018ൽ യുഎസ് കോടതി ഭർത്താവിന് വിവാഹമോചനം അനുവദിച്ചെങ്കിലും മജിസ്ട്രേറ്റ് കോടതിയിൽ ഭാര്യ നൽകിയ ഹർജിയിൽ തീരുമാനം മറ്റൊന്നായിരുന്നു. യുവതി ഗാർഹിക പീഡനത്തിന് ഇരയായി എന്ന് കണ്ടെത്തിയ കോടതി, മൂന്നു കോടി രൂപ നഷ്ടപരിഹാരം യുവാവ് യുവതിക്ക് നൽകണമെന്നും പ്രതിമാസം ഒന്നര ലക്ഷം രൂപ ജീവനാംശമായി നൽകണമെന്നും വിധിക്കുകയായിരുന്നു.