കാസർഗോഡ്: രണ്ടായിരം രൂപയുടെ കള്ളനോട്ട് ശേഖരം പിടികൂടി. കാസർഗോഡ് അമ്പലത്തറ പാറപ്പള്ളി ഗുരുപുരത്തെ ബാബുരാജിന്റെ വീട്ടിൽ നിന്നാണ് രണ്ടായിരം രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തത്. 7.25 കോടി രൂപയുടെ കള്ളനോട്ടുകളാണ് പൊലീസ് ഇവിടെ നിന്നും കണ്ടെടുത്തത്. വീട് ഒരു വർഷമായി പാണത്തൂർ പനത്തടി സ്വദേശി അബ്ദുൾ റസാഖ് വാടകയ്ക്ക് എടുത്തിരിക്കുകയായിരുന്നു. പ്രതിയ്ക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു.
അമ്പലത്തറ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് വൈകിട്ട് നടത്തിയ പരിശോധനയിലാണ് നോട്ടുകൾ പിടിച്ചെടുത്തത്. വീട്ടിലെ പൂജാമുറിയിലും ഹാളിലുമായി ചാക്കിൽ സൂക്ഷിച്ച നിലയിലായിരുന്നു നോട്ടുകൾ. പരിശോധനയിൽ ആദ്യം കുറച്ച് നോട്ടുകൾ മാത്രമായിരുന്നു ഹാളിൽ നിന്ന് പോലീസിന് ലഭിച്ചത്. പിന്നീട് പൂജാമുറിയിൽ നടത്തിയ തുടർപരിശോധനയിലാണ് ബാക്കിയുള്ള നോട്ടുകൾ കണ്ടെത്തിയത്.