ചെറായി: ബസ് കാത്തുനിന്ന യുവതിക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്ത് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മൂന്നംഗ സംഘം പിടിയിൽ. ആലങ്ങാട് നീറിക്കോട് സ്വദേശികളായ താണിപ്പറമ്പിൽ അജ്മൽ(27), വൈലോപ്പിള്ളി വീട്ടിൽ മഹാദേവ് (25), തുരുത്തുങ്കൽ ആദർശ് (23) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെ ചെറായി ദേവസ്വം നടയ്ക്ക് വടക്കുഭാഗത്താണ് സംഭവം. പറവൂർ ഏഴിക്കര സ്വദേശിയായ യുവതി ചെറായിയിലെ വീട്ടിലെത്തി രോഗിയായ അമ്മയെ കണ്ട് തിരികെപോകാൻ ദേവസ്വംനട ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴായിരുന്നു സംഭവം. യുവതിയുടെ അടുത്ത് കാർ നിർത്തിയശേഷം ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് ദേഹത്ത് കയറി പിടിക്കുകയായിരുന്നു. കാറിൽ കയറാൻ നിർബന്ധിക്കുന്നതിനിടെ യുവതി ബഹളം ഉണ്ടാക്കുകയും നാട്ടുകാർ ഇടപെടുകയുമായിരുന്നു.
നാട്ടുകാരാണ് ഇവരെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. നാട്ടുകാരുടെ മർദ്ദനത്തെ തുടർന്ന് അജ്മലിന് പരിക്കുണ്ട്.
സംഘം വഴിയിൽ ഏറെനേരം കാത്തുകിടന്നാണ് യുവതിയെ കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.