പാലക്കാട്: മോഡൽ പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞെന്ന് പറഞ്ഞ് വിദ്യാർത്ഥിയെ പരീക്ഷ എഴുതാൻ പ്രിൻസിപ്പാൾ അനുവദിച്ചില്ലെന്ന് പരാതി. പാലക്കാട് റെയിൽവേ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി സഞ്ജയ് ആണ് ദുരനുഭവം നേരിട്ടത്. സേ പരീക്ഷ എഴുതിയാൽ മതിയെന്ന് പറഞ്ഞ് വിദ്യാർത്ഥിയെ പ്രിൻസിപ്പൽ മടക്കി വിടുകയായിരുന്നു. നിർദേശം മറികടന്നാൽ തല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാർത്ഥി വെളിപ്പെടുത്തി.
‘സുഹൃത്തുക്കള്‍ക്കൊപ്പം പരീക്ഷയ്ക്ക് സ്കൂളിൽ പോയി. മോഡൽ എക്സാമിന് മാർക്കില്ലെന്ന് പറഞ്ഞ് എന്നെ മാത്രം പുറത്താക്കി. എല്ലാവർക്കും ഹാൾടിക്കറ്റ് നൽകി. എനിക്ക് മാത്രം തന്നില്ല. എനിക്ക് മാത്രമല്ല, അവർക്കും മാർക്ക് കുറവായിരുന്നു. പക്ഷേ അവരെ ഇരുത്തി. ചോദിക്കുമ്പോൾ പബ്ലിക് പരീക്ഷയ്ക്ക് ഞാൻ തോൽക്കുമെന്നാണ് പറയുന്നത്. പരീക്ഷ എഴുതണ്ട, സേ എഴുതിയാൽ മതിയെന്നും പറഞ്ഞു.
ഒരുമാസമായി കഷ്ടപ്പെട്ട് പഠിച്ചതാണ്. എനിക്ക് മർച്ചൻ്റ് നേവിയിലാണ് ചേരേണ്ടത്. അതുകൊണ്ട് ഫിസിക്സും കെമിസ്ട്രിയും നന്നായി നോക്കണം. അതിനുവേണ്ടിയാണ് നന്നായി പഠിച്ചത്. എന്തുപറഞ്ഞിട്ടും പരീക്ഷയെഴുതാൻ സമ്മതിച്ചില്ല. മോന്തകുറ്റിക്ക് അടിക്കുമെന്ന് പറഞ്ഞു. സർട്ടിഫിക്കറ്റിൽ റെഡ് മാർക്കിടുമെന്നും പറഞ്ഞു. സ്കൂളിൽ നിൽക്കണ്ടെന്നും പുറത്തുപോകാനും ആവശ്യപ്പെട്ടു’, വിദ്യാർത്ഥി പറഞ്ഞു.
അതേസമയം വിദ്യാർത്ഥിയെ പരീക്ഷ എഴുതിപ്പിക്കാതെ മടക്കി അയച്ച സംഭവത്തിൽ നിയമ നടപടി ആവശ്യപ്പെട്ട് മുന്നോട്ടുപോകുമെന്ന് കുട്ടിയുടെ പിതാവ് സുനിൽകുമാർ അറിയിച്ചു. സംഭവത്തിൽ തന്റെ മകന് നീതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കളക്ടർക്കും വിദ്യാഭ്യാസ മന്ത്രിക്കും സുനിൽ കുമാർ പരാതി നൽകിയിട്ടുണ്ട്. പരീക്ഷ എഴുതിപ്പിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും പ്രിൻസിപ്പൽ സമ്മതിച്ചില്ല. കഴിഞ്ഞ ഒന്നാം തീയതിയാണ് പ്ലസ്ടു ഫിസിക്സ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിയെ ഹാൾ ടിക്കറ്റ് നൽകാതെ പാലക്കാട് റെയിൽവേ സ്കൂൾ പ്രിൻസിപ്പാൾ പറഞ്ഞയച്ചത്.
Read Also: 05.03.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ