റഷ്യ – ഉക്രൈൻ യുദ്ധവും ഇസ്രയേൽ-ഹമാസ് പോരാട്ടങ്ങളും ഹൂത്തി ആക്രമണവും മൂലം ഏറെ പ്രതിസന്ധികൾ നേരിടുന്ന യൂറോപ്പിൽ ജർമൻ- റഷ്യ പോർവിളികൾ കൂടുതൽ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. റഷ്യയോട് ഏറ്റുമുട്ടാൻ ജർമനി തയാറെടുക്കുന്നുവെന്നും ക്രീമിയയ്ക്ക് നേരെയും ക്രീമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കെർച്ച് ബ്രിഡ്ജിന് നേരെയും നടക്കുന്ന ആക്രമണങ്ങൾക്ക് പിന്നിൽ ജർമനിയാണെന്നുമാണ് റഷ്യ ആരോപിയ്ക്കുന്നത്. റഷ്യൻ സെക്യൂരിറ്റി കൗൺസിലിന്റെ ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി മെദ്‌വദേവ് റഷ്യൻ രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ചാണ് ഇക്കാര്യം പുറത്തുവിട്ടത്. ഉക്രൈൻ – റഷ്യ യുദ്ധം തുടങ്ങിയ നാൾ മുതൽ ജർമനിയുമായി റഷ്യ നല്ല ബന്ധത്തിലല്ല. ജർമനിയും റഷ്യയും തമ്മിൽ മറ്റൊരു പോർമുഖം തുറന്നാൽ യൂറോപ്പിനെയാകെ അത് ബാധിയ്ക്കും. രണ്ടാം ലോക മഹായുദ്ധത്തിൽ മോസ്‌കോയ്ക്ക് സമീപം വരെ മുന്നേറിയ നാസി ജർമൻ പടയെ മഞ്ഞുവീഴ്ച്ചയുടെ മറപറ്റി തോൽപ്പിച്ച ചരിത്രവും സോവിയറ്റ് റഷ്യയ്ക്കുണ്ട്. അന്ന് ലക്ഷക്കണക്കിന് പട്ടാളക്കാരാണ് ഇരു രാജ്യങ്ങൾക്കും നഷ്ടപ്പെട്ടത്.
Read Also: റമദാനിൽ യു.എ.ഇ.യിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം അറിയാം