പാലക്കാട്: ലോറിയിൽ നിന്ന് ഇറങ്ങി ഓടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആനയെ തളച്ചു. വ്യാപക നാശനഷ്ടം വരുത്തിയ ശേഷം നിലയുറപ്പിച്ച ആനയെ ഏറെ പണിപ്പെട്ടാണ് ആനയെ തളച്ചത്. ആനയുടെ ചവിട്ടേറ്റ് ഒരാൾക്ക് പരിക്കേറ്റിരുന്നു. കൂടാതെ ആന ചവിട്ടിയ രണ്ട് പശുക്കളും ഒരു ആടും ചത്തതായി റിപ്പോർട്ടുണ്ട്.
ആടിനെ മേയ്ക്കുന്നതിനിടെ വയലിൽ വിശ്രമിക്കുകയായിരുന്ന തമിഴ്നാട് സ്വദേശി കാന്തസ്വാമിയ്ക്കാണ് ചവിട്ടേറ്റത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇയാളുടെ നില തൃപ്തികരമാണ്. വലിയ രീതിയിലുള്ള നാശനഷ്ടമാണ് ആന പ്രദേശത്തുണ്ടാക്കിയത്. സമീപത്തെ വീടുകൾക്ക് സമീപത്തുകൂടെ പോയ ആന പലതും തല്ലിത്തകർത്തു. വാളയാർ – വടക്കഞ്ചേരി പാത മുറിച്ചു കടന്ന ആന ഒരു ഓട്ടോ തകർത്തു. വ്യാപക നാശനഷ്ടം വരുത്തിയ ശേഷം അമ്പാട് എന്ന സ്ഥലത്ത് നിലയുറപ്പിച്ച ആനയെ ഏറെ പണിപ്പെട്ടാണ് തളച്ചത്.
പാലക്കാട് നഗരപരിധിയിൽപ്പെടുന്ന വടക്കുംമുറി ഭാഗത്തുവച്ചാണ് സംഭവം. പട്ടാമ്പി നേർച്ചയ്ക്ക് എത്തിച്ച ആനയെ തിരിച്ച് ലോറിയിൽ കൊണ്ടുപോകുന്നതിനിടെയാണ് വിരണ്ടോടിയത്. പാപ്പാൻ ചായ കുടിക്കാൻ വണ്ടി നിർത്തിയപ്പോഴാണ് സംഭവം. മുത്തു എന്ന അക്കരമേൽ ശേഖരൻ എന്ന ആനയാണ് വിരണ്ടോടിയത്. ആളൊഴിഞ്ഞ സ്ഥലത്ത് നിലയുറപ്പിച്ച ആന ശാന്തനായതോടെ പാപ്പാന്മാര്‍ പഴവും മറ്റും എറിഞ്ഞുകൊടുക്കുകയായിരുന്നു. തുടര്‍ന്നാണ് തളച്ചത്.