മലപ്പുറം: നവജാത ശിശുവിനെ കൊന്നുകുഴിച്ചു മൂടിയ സംഭവത്തിൽ താനൂരിൽ അമ്മ അറസ്റ്റിൽ. ഒട്ടുംപുറം സ്വദേശിനി ജുമൈലത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തനൂർ സിഐയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജുമൈലത്തിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കൊന്നു കുഴിച്ചുമൂടിയ വിവരം പൊലീസിനോട് പറയുന്നത്. പ്രസവ ശേഷം വീട്ടിലെത്തിയ ഇവർ മൂന്ന് മക്കൾക്കും അമ്മയ്ക്കുമൊപ്പമായിരുന്നു താമസം. അമ്മ ഉറങ്ങുന്ന സമയം നോക്കി താൻ കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി എന്നാണ് ജുമൈലത്ത പൊലീസിന് നൽകിയ മൊഴി. കഴിഞ്ഞ 26നാണ് സംഭവം നടന്നതെന്നാണ് ജുമൈലത്തിന്റെ മൊഴി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് ഇവർ കുഞ്ഞിനെ പ്രസവിച്ചത്. നാലാമത്തെ പ്രസവമായിരുന്നു ഇത്.