എഡ്യു ടെക് ഭീമൻ ബൈജൂസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രൻ രാജ്യം വിട്ടതായി സൂചന. എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റിന്റെ ലുക്കൗട്ട് സർക്കുലർ നിലനിൽക്കെയാണ് ബൈജു രവീന്ദ്രൻ ദുബായിലേക്ക് കടന്നത്. കഴിഞ്ഞ ദിവസം ബൈജുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മുമ്പേതന്നെ ബൈജു രാജ്യംവിട്ടെന്നാണ് വിവരം. രാജ്യംവിടാതിരിക്കാൻ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ബ്യൂറോ ഓഫ് എമിഗ്രേഷനോട് ഇ.ഡി. നിർദേശിക്കുകയായിരുന്നു. നേരത്തെതന്നെ ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് സർക്കുലറുണ്ട്. ഇഡിയുടെ കൊച്ചി ഓഫീസിന്റെ നിർദേശത്തെ തുടർന്നായിരുന്നു ഇത്. 9,362.35 കോടി രൂപയുടെ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ വര്ഷം നവംബറിൽ ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിനും ബൈജു രവീന്ദ്രനും ഇ.ഡി കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. കമ്പനിയുടെ ഭരണം നവീകരിക്കുമെന്നും പ്രവർത്തങ്ങളിൽ സുതാര്യത ഉറപ്പുവരുത്തുമെന്നും അറിയിച്ച് ബൈജു ബുധനാഴ്ച ഓഹരി ഉടമകൾക്ക് കത്തയച്ചിട്ടുണ്ട്.