രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ റെക്കോർഡ് വിജയം നേടി ഇന്ത്യ. 434 റൺസിനാണ് ഇംഗ്ലണ്ടിനെ ഇന്ത്യ തകർത്തെറിഞ്ഞത്. 557 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇംഗ്ലണ്ട് 39.4 ഓവറിൽ വെറും 122 റൺസെടുത്തു പുറകാകുകയായിരുന്നു. രവീന്ദ്ര ജഡേജയാണ് ഇംഗ്ലണ്ടിന്റെ അഞ്ചു വിക്കറ്റുകൾ പിഴുതെടുത്തത്. റൺസ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ ടെസ്റ്റ് വിജയമാണ് ഇത്.
സാക് ക്രൗലി (26 പന്തിൽ 11), ബെൻ സ്റ്റോക്സ് (39 പന്തിൽ 15), ബെൻ ഫോക്സ് (39 പന്തിൽ 16), ടോം ഹാർട്‍ലി (36 പന്തിൽ 16) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ഇംഗ്ലിഷ് ബാറ്റർമാർ. വാലറ്റത്ത് മാർക് വുഡ് മാത്രമാണ് കുറച്ചു നേരമെങ്കിലും ബാസ് ബോൾ കളിച്ചത്. ഒരു സിക്സും ആറു ഫോറുകളും താരം അടിച്ചെടുത്തു. എന്നാൽ വുഡിനെ ജയ്സ്വാളിന്റെ കൈകളിലെത്തിച്ച് ജഡേജ തന്റെ അഞ്ചാം വിക്കറ്റ് നേടുകയായിരുന്നു.
സ്കോർ 15 ൽ നിൽക്കെ ബെന്‍ ഡക്കറ്റിനെ റൺഔട്ടാക്കിയാണ് ഇന്ത്യ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. പിന്നാലെ സാക് ക്രൗലിയെ ജസ്പ്രീത് ബുമ്ര പുറത്താക്കി. ഒലി പോപ്പ്, ജോണി ബെയർസ്റ്റോ, ജോ റൂട്ട് എന്നിവരെ മടക്കി ജഡേജ ഇംഗ്ലണ്ടിന് മേൽ സമ്മർദം നൽകി. ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ കുൽദീപ് യാദവും പുറത്താക്കി.
രണ്ടാം ഇന്നിങ്സിൽ 98 ഓവറിൽ നാലിന് 430 റൺസെന്ന നിലയിലാണ് ഇന്ത്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത്. ജയ്സ്വാളും (236 പന്തിൽ 214), സർഫറാസ് ഖാനും (72 പന്തിൽ 68) പുറത്താകാതെനിന്നു. രണ്ടാം ഇന്നിങ്സില്‍ 231 പന്തുകളില്‍ നിന്നാണ് ജയ്സ്വാൾ പരമ്പരയിലെ രണ്ടാം ഡബിൾ സെഞ്ചറി പൂർത്തിയാക്കിയത്. വിശാഖപട്ടണം ടെസ്റ്റിലും താരം ഡബിൾ സെഞ്ചറി നേടിയിരുന്നു. രണ്ടാം ടെസ്റ്റിൽ 209 റൺസായിരുന്നു ജയ്സ്വാൾ അടിച്ചെടുത്തത്.
ജയത്തോടെ ഇന്ത്യ പരമ്പരയിൽ 2–1ന് മുന്നിലെത്തി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇനി രണ്ടു മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. സ്കോർ– ഇന്ത്യ: 445,430/4 ഡിക്ലയേർഡ്, ഇംഗ്ലണ്ട്: 319, 122
Read Also: ഇരട്ട സെഞ്ചുറി നേടി ജയ്സ്വാൾ, കരുത്തുകാട്ടി ഇന്ത്യ; രാജ്കോട്ടിൽ ഇംഗ്ലണ്ട് വിയർക്കുന്നു