മാനന്തവാടി: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ കോൺഗ്രസ് എം പി രാഹുൽ ഗാന്ധി വയനാട്ടിലെത്തി. കണ്ണൂർ വിമാനത്താവളത്തില്‍ എത്തിയ രാഹുൽ റോഡു മാർഗമാണ് വയനാട്ടിലെത്തിയത്. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെയും പോളിന്റെയും വീടുകളിൽ രാഹുൽ സന്ദർശനം നടത്തി. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി, എംഎൽഎമാരായ ടി.സിദ്ദിഖ്, ഐ.സി.ബാലകൃഷ്ണൻ എന്നിവർ രാഹുൽ ഗാന്ധിക്ക് ഒപ്പമുണ്ടായിരുന്നു.
രാവിലെ 7.33 ഓടെയാണ് രാഹുൽ അജീഷിന്റെ വീട്ടിലെത്തിയത്. ഇരുപത് മിനിറ്റോളം വീട്ടുകാരുമായി സംസാരിച്ചു. അജീഷിന്റെ വീട്ടിൽനിന്ന് സന്ദർശനം കഴിഞ്ഞിറങ്ങിയ രാഹുലിനോട് സംസാരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. തുടർന്ന് രാഹുലുമായി പ്രദേശവാസി സംസാരിക്കുകയും ആനയെ പിടികൂടാത്തതിലുള്ള പ്രതിഷേധം അറിയിക്കുകയും ചെയ്തു. ആവശ്യത്തിന് ചികിത്സ കിട്ടാനുള്ള സംവിധാനമില്ലെന്നും രാഹുലിനെ അറിയിച്ചു. സർക്കാരിൽ സമ്മർദം ചെലുത്താമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും രാഹുൽ ഉറപ്പുനൽകി.
പോളിന്റെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം ഇവിടെ നിന്നും ബത്തേരിയിലേക്കാണു രാഹുൽ ഗാന്ധി പോയത്. ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ വീട് രാഹുൽ സന്ദർശിക്കും. തുടർന്നു കൽപറ്റ ഗസ്റ്റ് ഹൗസിൽ നടക്കുന്ന അവലോകന യോഗത്തിൽ രാഹുൽ പങ്കെടുക്കും. തുടർന്ന് രാഹുൽ അലഹബാദിലേക്കു മടങ്ങും.