അർബുദ ചികിത്സയിലെ പുത്തൻ കണ്ടുപിടിത്തങ്ങളും ഫലപ്രാപ്തിയും വൈദ്യശാസ്ത്ര രംഗം എപ്പോഴംു ഉറ്റുനോക്കുന്നവയാണ്. എന്നാൽ ക്യാൻസറിനെ പ്രതിരോധിയ്ക്കാൻ ഉടൻ വാക്‌സിൻ രംഗത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരിയ്ക്കുകയാണ് റഷ്യ. റഷ്യൻ ഗവേഷകർ നേതൃത്വം നൽകുന്ന വാക്‌സിൻ നിർമാണം അന്തിമ ഘട്ടത്തിലാണെന്നാണ് ഭരണകൂടം അവകാശപ്പെടുന്നത്. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ തന്നെയാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ക്യാൻസറിനെതിരേ പ്രതിരോധ ശക്തി വർധിപ്പിയ്ക്കാൻ പുതിയ വാക്‌സിൻ ഉപകരിയ്ക്കുമെന്ന് പുടിൻ അവകാശപ്പെട്ടു. സ്പുട്‌നിക് എന്ന പേരിൽ കോവിഡിന് ആദ്യ വാക്‌സിൻ കണ്ടുപിടിച്ച റഷ്യയുടെ നീക്കത്തെ ശ്രദ്ധയോടെയാണ് വൈദ്യ ശാസ്ത്ര രംഗവും പുടിൻ വിമർശകരായ പാശ്ചാത്യ ചേരിയും നിരീക്ഷിക്കുന്നത്. എന്നാൽ വാക്‌സിൻ പുറത്തിറക്കിയാലും പ്രയോഗത്തിൽ വരാൻ ഏറെ കടമ്പകൾ കടക്കേണ്ടതുണ്ട്.