തൃപ്പൂണിത്തുറയിൽ ഇന്നുരാവിലെ പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ദിവാകരൻ (55) ആണ് മരിച്ചത്. വൈകുന്നേരം 7 മണിയോടെയാണ് ദിവാകരൻ മരണത്തിന് കീഴടങ്ങിയതെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണു അപകടം നടന്നയുടൻ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ 4 പേർ കളമശേരി മെഡിക്കൽ കോളജിലും മറ്റുള്ളവർ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലാണ്. സംഭവത്തില്‍ നാലു പേർ അറസ്റ്റിലായി. ഉത്സവക്കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. കമ്മിറ്റി ഭാരവാഹികളായ സതീശൻ, ശശികുമാർ എന്നിവരും കരാർ ജോലിക്കാരായ വിനീത്, വിനോദ് എന്നിവരുമാണ് അറസ്റ്റിലായത്.
തൃപ്പൂണിത്തുറ പുതിയകാവ് വടക്കുപുറം കരയോഗത്തിന്റെ ഊരക്കാട്ടുള്ള പടക്കപ്പുരയിൽ ഇന്നു രാവിലെ 10.30ഓടെ ഉണ്ടായ സ്‌ഫോടനത്തിൽ 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനവുമായി ബന്ധപ്പെട്ട് ക്ഷേത്രഭാരവാഹികളെയും കരാറുകാരെയും പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു. പുതിയകാവ് ദേവസ്വം പ്രസിഡന്റ് സജീഷ് കുമാറാണ് ഒന്നാം പ്രതി. ദേവസ്വം സെക്രട്ടറി, ട്രഷറർ എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. കരാറുകാരൻ ആദർശാണ് നാലാം പ്രതി. ഇവർക്കെതിരെ നരഹത്യാക്കുറ്റം ഉൾപ്പെടെ ചുമത്തിയിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷനും സംഭവത്തിൽ കേസ്സെടുത്തിട്ടുണ്ട്. പാലക്കാട്ട് നിന്നും ഉത്സവത്തിനെത്തിച്ച പടക്കങ്ങളാണ് വാഹനത്തിൽ നിന്നിറക്കുമ്പോൾ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. തെക്കുംഭാഗത്തെ പടക്കക്കടയിലാണ് തീപ്പിടിത്തമുണ്ടായത്. പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. സമീപത്തെ 45 ഓളം വീടുകൾക്കും കേടുപാടുകളുണ്ടായി. ഒരു കിലോമീറ്റർ അകലെവരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായി.