ബെനോനി: അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടത്തിനായുള്ള ഇന്ത്യ- ഓസ്ട്രേലിയ ഫൈനൽ പോരാട്ടം ഇന്ന് നടക്കും. ജോഹാനസ്ബർഗിലെ വില്ലോമൂർപാർക്ക് സ്റ്റേഡിയത്തിൽ ഇന്ത്യൻസമയം ഉച്ചയ്ക്ക് 1.30-ന് ആണ് മത്സരം ആരംഭിക്കുന്നത്. ആറാം കിരീടം ലക്ഷ്യമിട്ടു ഇറങ്ങുന്ന ഇന്ത്യയ്ക്ക് ഇതൊരു പ്രതികാര മത്സരം കൂടിയാണ്.
ലോകകപ്പിൽ ഫൈനലിൽ സീനിയർ ടീമിനേറ്റ തിരിച്ചടികൾക്ക് ഓസ്‌ട്രേലിയയോട് മറുപടി നൽകുക എന്നതാണ് കൗമാരപ്പടയുടെ പ്രധാന ലക്ഷ്യം. 2018നുശേഷം ആദ്യമായാണ് ഓസീസ് കിരീടപ്പോരാട്ടത്തിനിറങ്ങുന്നത്. മൂന്നുതവണ റണ്ണറപ്പായ ഇന്ത്യക്ക് ഒമ്പതാം ഫൈനലാണിത്. നാലാം കിരീടമാണ് ഓസ്‌ട്രേലിയയുടെ ലക്ഷ്യം. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയും ഓസീസും നേർക്കുനേർ വരുന്നത് മൂന്നാം തവണയാണ്. 2012ലും 2018ലും ഏറ്റുമുട്ടിയപ്പോൾ ജയം ഇന്ത്യക്കൊപ്പമായിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിൽ ഇന്ത്യയെ തോൽപിച്ചാണ് ഓസ്ട്രേലിയ കിരീടം നേടിയത്.
ദയ് സഹാറൻ നയിക്കുന്ന ഇന്ത്യ അണ്ടർ-19 ടീം വൻമാർജിനിൽ വിജയങ്ങൾ നേടികൊണ്ടാണ് ഫൈനലിലെത്തിയിരിക്കുന്നത്. പ്രാഥമികഘട്ടത്തിലും സൂപ്പർ സിക്‌സിലും സെമിയിലും കളിച്ച എല്ലാ മത്സരവും ജയിച്ചാണ് ഹ്യൂഗ് വീഗൻ നയിക്കുന്ന ഓസീസ് ടീം എത്തുന്നത്. ഇന്ത്യ സെമിയിൽ ദക്ഷിണാഫ്രിക്കയെയും ഓസ്ട്രേലിയ പാകിസ്ഥാനെയും തോൽപിച്ചാണ് ഫൈനൽ പ്രവേശനം നേടിയത്.
Read Also: മഞ്ഞയും ചുവപ്പും മാത്രമല്ല, ഇനി നീല കാർഡും ഉയരും; ഫുട്ബോളിൽ പുതിയ പരീക്ഷണം, ഫിഫയ്ക്ക് എതിർപ്പ്