പൊലീസിന്റെ പെരുമാറ്റത്തിന് വീണ്ടും ഹൈക്കോടതി വിമർശനം. ജനങ്ങളോടുള്ള മോശം പെരുമാറ്റത്തിന്റെ കാര്യത്തിൽ പൊലീസിനെ നിയന്ത്രിക്കാൻ ഇനിയൊരു സർക്കുലർ ഇറക്കേണ്ട സാഹചര്യം ഉണ്ടാക്കരുതെന്ന് ഹൈക്കോടതി. പൊലീസുകാരുടെ മോശം പെരുമാറ്റം ഇനിയുണ്ടാവരുതെന്നും സർക്കുലറിലെ കാര്യങ്ങൾ നടപ്പാക്കുന്നതു സംബന്ധിച്ച് മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സംസ്ഥാന ഡിജിപിക്ക് നിർദേശം നൽകി.
ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനെ എസ്ഐ അപമാനിച്ച വിഷയത്തിലാണു ഹൈക്കോടതി പൊലീസിനെതിരെ കടുത്ത വാക്കുകൾ ഉപയോഗിച്ചത്. അഭിഭാഷകനോട് നിരുപാധികം മാപ്പു പറയാമെന്ന് എസ്ഐ വി.ആർ.റിനീഷ് കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ പ്രതികരണമറിയിക്കാൻ അഭിഭാഷകനോടും കോടതി നിർദേശിച്ചു.
‘‘1965 മുതൽ 10 സർക്കുലറുകൾ ഇറക്കി. എന്നിട്ടും ഒരു മാറ്റവുമില്ല. സംസ്ഥാന ഡിജിപി ഇറക്കിയ സർക്കുലർ ആണ് ഇവർ ലംഘിക്കുന്നത്. ഇപ്പോൾ ഇറക്കിയ 11ാമത്തെ സർക്കുലറിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എങ്ങനെയാണു നടപ്പാക്കുന്നതെന്ന് മൂന്നാഴ്ചയ്ക്കുള്ളിൽ വ്യക്തമാക്കണം’’– ഓൺലൈൻ വഴി കോടതിയിൽ ഹാജരായ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിനോട് കോടതി പറഞ്ഞു. ജനുവരി 30നു പൊലീസുകാർക്കായി പുതിയ സർക്കുലർ പുറത്തിറക്കിയിരുന്നു.
Read Also :രൺജീത്ത് വധക്കേസ് ; വിധി പറഞ്ഞ ജഡ്ജി വി.ജി ശ്രീദേവിയെ അധിക്ഷേപിച്ചു ; മൂന്ന് പേർ അറസ്റ്റിൽ