ന്യൂഡൽഹി: രണ്ടാം മോദി സർക്കാർ ഭരണത്തിലെ അവസാന പാർലമെന്റ് സമ്മേളനത്തിന് തുടക്കമായി. രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. ‘അമൃത് കാലത്തിന്റെ’ തുടക്കത്തിൽ നിർമിച്ച പുതിയ പാർലമെന്റ് മന്ദിരത്തിലെ തന്റെ ആദ്യ പ്രസംഗമാണെന്ന് പറഞ്ഞാണ് രാഷ്ട്രപതി അഭിസംബോധന ആരംഭിച്ചത്. ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ രാഷ്‌ട്രപതി അഭിസംബോധന ചെയ്തു.
രാജ്യത്തിന് ഐതിഹാസിക നേട്ടങ്ങളുടെ വർഷമാണ് കഴിഞ്ഞുപോയതെന്ന് രാഷ്ട്രപതി പറഞ്ഞു. പ്രതിസന്ധികൾക്കിടയിലും സമ്പദ്‌വ്യവസ്ഥ വളർന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ത്രിവർണ പതാക ഉയർത്തി. ജി20 വിജയകരമായി നടത്തി, കായികരംഗത്തും നേട്ടമുണ്ടായി. വനിതാ സംവരണ ബിൽ പാസാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനുശേഷം അയോധ്യയിൽ രാമക്ഷേത്രം യാഥാർഥ്യമായെന്ന് രാഷ്ട്രപതി പറഞ്ഞപ്പോൾ ‘ജയ് ശ്രീറാം’ വിളികളുമായി ഭരണപക്ഷം ആഹ്ലാദപ്രകടനം നടത്തി. മുദ്രാവാക്യത്തിനപ്പുറം ദാരിദ്ര്യനിർമാജനം യാഥാർഥ്യമായി. നീതി ആയോഗ് കണക്കനുസരിച്ച്, തന്റെ സർക്കാരിന്റെ 10 വർഷത്തെ ഭരണത്തിൽ ഏകദേശം 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയെന്ന് രാഷ്ട്രപതി പറഞ്ഞു.
നേരത്തേ, രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ഇരട്ട അക്കത്തിലായിരുന്നു, അത് ഇപ്പോൾ നാല് ശതമാനത്തിനുള്ളിലാണ്. കഴിഞ്ഞ 10 വർഷത്തിനിടയിൽ ജനങ്ങൾ ദശാബ്ദങ്ങളായി കാത്തിരിക്കുന്ന അത്തരം നിരവധി കാര്യങ്ങൾ പൂർത്തീകരിക്കുന്നത് ഇന്ത്യ കണ്ടു. ഇന്ത്യ ശരിയായ ദിശയിൽ ശരിയായ തീരുമാനങ്ങളെടുത്ത് മുന്നേറുന്നതായി രാഷ്ട്രപതി കൂട്ടിച്ചേർത്തു.
Read Also: നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ച കേസ്: മുൻ സർക്കാർ പ്ലീഡർ അഡ്വ. പി.ജി മനു കീഴടങ്ങി