ഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്കിടെ സംഘർഷം. യാത്ര ഗുവാഹത്തിയിലേക്ക് കടക്കുന്നത് പോലീസ് തടഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. രാഹുലിന്‍റെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് പ്രവർത്തകർ ബാരിക്കേഡ് പൊളിച്ച് നീക്കി. ഗുവാഹത്തി നഗരത്തിലൂടെയുള്ള രാഹുല്‍ഗാന്ധിയുടെ യാത്ര കടന്നുപോകുന്നത് അസം പൊലീസ് തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്.
ബാരിക്കേഡ് പൊളിച്ചു നീക്കിയതോടെ പോലീസ് പ്രവർത്തകർക്കുനേരെ ലാത്തി വീശി. രാഹുല്‍ഗാന്ധി ബസിന് മുകളില്‍ നില്‍ക്കുമ്പോഴായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ആർഎസ്എസിനെയും ബിജെപിയേയും ഭയക്കുന്നില്ലെന്നും ഹിമന്ദ ബിശ്വ ശർമ രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണെന്നും സ്ഥലത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ പറഞ്ഞു.
അതേസമയം യാത്ര ബിഹാറില്‍ എത്തുമ്പോള്‍ മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. യാത്ര പശ്ചിമംബംഗാളിലേക്ക് കടക്കാനിരിക്കെ യാത്രയുടെ ഭാഗമാകാൻ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ഉള്‍പ്പെടെയുള്ളവരെ കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്. വിഷയം ഇടത് മുന്നണിയില്‍ ചർച്ച ചെയ്ത് അറിയിക്കാമെന്ന് സിപിഎം കോണ്‍ഗ്രസിനെ അറിയിച്ചു. എന്നാല്‍, തൃണമൂല്‍ പങ്കെടുക്കുമെങ്കില്‍ യാത്രയുടെ ഭാഗമാകില്ലെന്നും സിപിഎം നിലപാട് അറിയിച്ചിട്ടുണ്ട്.
Read Also: പറഞ്ഞതെല്ലാം സത്യം; ഇനി ഒരു തീരുമാനവും എടുക്കുന്നില്ലെന്ന് മന്ത്രി കെ ബി ഗണേഷ്കുമാര്‍