എക്‌സാലോജിക്കിനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അന്വേഷണങ്ങളെ സിപിഐഎം ഭയക്കുന്നില്ലെന്നും രാഷ്ട്രീയമായി നേരിടുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.കേന്ദ്രത്തിനെതിരെ ദില്ലിയിൽ നടത്തുന്ന സമരത്തിൽ സഹകരിക്കില്ലെന്ന പ്രതിപക്ഷ നിലപാടിന് യുഡിഎഫിൽ പൂർണ പിന്തുണയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. കേരളത്തോട് കേന്ദ്രം വെല്ലുവിളിക്കുകയാണ്. ഇതിൻറെ ആത്യന്തിക തിരിച്ചടി ജനങ്ങൾക്കാണ്. യോജിച്ച സമരത്തിൽനിന്നും വിട്ടുനിൽക്കുന്നത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് എന്നാണ് പ്രതിപക്ഷ വിശദീകരണം. ജനങ്ങളോടൊപ്പം നിൽക്കാനാകില്ലെന്നാണ് പ്രതിപക്ഷം പരസ്യ നിലപാട് എടുക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. അയോധ്യയിലെ ക്ഷേത്ര പ്രതിഷ്ഠ ബിജെപി തെരഞ്ഞെടുപ്പ് ആയുധമാക്കുകയാണ്. കെഎസ് ചിത്രയെ പോലുള്ള പ്രതിഭ എടുത്ത നിലപാട് വിമർശിക്കപ്പെടുകയാണ്, എന്നാൽ, അതിൻറെ പേരിൽ ചിത്രയെ അടച്ചാക്ഷേപിക്കാൻ ഇല്ല.ചിത്രയും ശോഭനയും എല്ലാം നാടിൻറെ സ്വത്ത് ആണ്. അവരെ ഏതെങ്കിലും കള്ളിയിൽ ആക്കേണ്ട കാര്യം ഇല്ല.
കേന്ദ്ര അവഗണനയ്ക്കെതിരെ യോജിച്ച പോരാട്ടത്തിന് യുഡിഎഫ് തയ്യാറാകാത്തതിന്റെ രാഷ്ട്രീയവും അന്തർധാര കാരണമാണെന്ന് അദ്ദേഹം പറയുന്നു. അന്വേഷണ ഏജൻസികൾ ബിജെപിയും വിഎച്ച്പിയും ബജ്റംഗ്ദളും എബിവിപിയുംപോലെ സംഘപരിവാറിലെ ഒരു സംഘടനയായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.