രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ജനുവരി 22ന് ഉച്ചയ്ക്ക് 12.20ന് ആരംഭിക്കുമെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു. വാരാണസിയിലെ വേദപണ്ഡിതൻ ലക്ഷ്മികാന്ത് ദീക്ഷിത് പ്രതിഷ്ഠാ ചടങ്ങിനു നേതൃത്വം നൽകും. പ്രാണപ്രതിഷ്ഠാ ചടങ്ങ് രണ്ടുമണിക്കൂർ നീണ്ടു നിൽക്കും. രണ്ടുമണിയോടെ പ്രതിഷ്ഠാചടങ്ങുകൾ സമാപിക്കുമെന്നും ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു. ക്ഷേത്രത്തിലെ ഗർഭഗ്രഹത്തിൽ ജനുവരി 18ന് വിഗ്രഹം എത്തിക്കും
രാമക്ഷേത്രത്തിലെ ഗർഭഗൃഹത്തിൽ രാംലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിക്കും. ഏകദേശം 150-200 കിലോഗ്രാം ഭാരമുണ്ട് വിഗ്രഹത്തിന്. രാംലല്ലയുടെ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങിൽ പുരോഹിതരുടെ സംഘത്തെ നയിക്കുന്നത് വാരണാസിയിലെ വേദ പണ്ഡിതനായ ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിതാണ്.പ്രതിഷ്ഠാസമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന്റെ ശ്രീകോവിലിലുണ്ടാകും. ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുഖ്യപുരോഹിതൻ മഹന്ത് നൃത്യഗോപാൽദാസ്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ എന്നിവരും ഉണ്ടാകും. ജനുവരി 23 മുതൽ ക്ഷേത്രത്തിൽ പൊതുജനങ്ങൾക്ക് ദർശനം അനുവദിക്കും.
മാത്രമല്ല ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിനു വേണ്ടി ഒരുങ്ങുകയാണ് അയോധ്യ ഇപ്പോൾ . മൂന്നു നിലകളിലായാണ് രാമക്ഷേത്രം ഒരുങ്ങുന്നത്. ക്ഷേത്രത്തിന്റെ ഓരോ നിലയ്ക്കും 20 അടി വീതം ഉയരമുണ്ട്. ആകെ 392 തൂണുകളും 44 വാതിലുകളുമുണ്ട്.ശ്രീകോവിലിൽ ശ്രീരാമൻറെ ബാലരൂപത്തിലുള്ള വിഗ്രഹമാണ് പ്രതിഷ്ഠിക്കുക. നൃത്യ മണ്ഡപം, രംഗ് മണ്ഡപം, സഭാ മണ്ഡപം, പ്രാർഥനാ മണ്ഡപം, കീർത്തൻ മണ്ഡപം എന്നിങ്ങനെ അഞ്ച് മണ്ഡപങ്ങളും ക്ഷേത്രത്തിനുണ്ട്. രാമക്ഷേത്ര സമുച്ചയത്തിന് 380 അടി നീളവും 250 അടി വീതിയും 161 അടി ഉയരവുമുണ്ട്. പരമ്പരാഗത നാഗര ശൈലിയിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്.
Read Also : വിവാഹത്തോടെ ഞാൻ ഒരുപാട് മാറിപ്പോയി തുറന്നുപറഞ്ഞ് നീരജ് മാധവ്