ന്യൂഡൽഹി: ഡൽഹി അലിപുരിൽ തണുപ്പകറ്റാൻ കത്തിച്ച കൽക്കരി പുക ശ്വസിച്ച് നാലു മരണം. രണ്ടു കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലുപേരാണ് മരിച്ചത്. ഡൽഹി ഖേര കലൻ ഗ്രാമത്തില്‍ താമസിച്ചിരുന്ന രാകേഷ് (40), ഭാര്യ ലളിത (38), ഇവരുടെ രണ്ട് ആൺമക്കളായ പിയൂഷ് (8), സണ്ണി (7) എന്നിവർക്കാണ് ദാരുണാന്ത്യം. ഞായറാഴ്ച രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
വാതിലും ജനാലകളും അടച്ചിട്ട് കൽക്കരി കത്തിച്ചശേഷം ഉറങ്ങാൻ പോയതായിരുന്നു കുടുംബം. ശ്വാസം മുട്ടിയാണ് നാലുപേരും മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ രവികുമാർ സിങ് പറഞ്ഞു. നേരത്തേ കൽക്കരി കത്തിച്ച പുക ശ്വസിച്ച് ഉത്തർപ്രദേശിലെ അംരോഹ ജില്ലയിൽ ഒരു കുടുംബത്തിലെ അഞ്ചു കുട്ടികള്‍ മരിച്ചിരുന്നു.
അതേസമയം ഉത്തരേന്ത്യയിൽ കൊടും ശൈത്യത്തിൽ ജനങ്ങൾ വലയുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ റെക്കോർഡ് മൂടൽമഞ്ഞാണ് രേഖപ്പെടുത്തിയത്. ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പുലർച്ചെ മുതൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു. രാവിലെ ഡൽഹിയിൽ ഉൾപ്പടെ പലയിടത്തും കാഴ്ചാപരിധി പൂജ്യമായി ചുരുങ്ങിയതോടെ ഗതാഗതം താറുമാറായി. 22 തീവണ്ടികൾ വൈകി. ഡൽഹിയിലിറങ്ങേണ്ട 8 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.
Read Also: ‘കേന്ദ്ര അന്വേഷണം മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ട് മാത്രം’; ബേജാറില്ലെന്ന് എം.വി ഗോവിന്ദൻ