കൊച്ചി: കുസാറ്റിൽ ടെക്ഫെസ്റ്റിനിടെ തിക്കിലും തിരക്കിലുംപെട്ട് നാലുപേർ മരിച്ച സംഭവത്തിൽ പ്രിൻസിപ്പലിനെയും അധ്യാപകരെയും പ്രതിചേർത്തു. സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ് പ്രിന്‍സിപ്പലായിരുന്ന ഡോ. ദീപക് കുമാർ സാഹു അടക്കം മൂന്നു പേരെയാണ് പ്രതിചേർത്തത്. മനപ്പൂർവമല്ലാത്ത നരഹത്യ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തത്. ടെക് ഫെസ്റ്റിന്റെ ചുമതലക്കാരായ ഗിരീഷ് കുമാരന്‍ തമ്പി, വിജയ് എന്നിവരാണ് മറ്റ് പ്രതികള്‍.
കഴിഞ്ഞ വർഷം നവംബർ 25നാണ് ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് കുസാറ്റിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നാല് പേര്‍ മരിച്ചത്. ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള ഫെസ്റ്റ് നടക്കാനിരിക്കെ മഴ പെയ്തതോടെ ആളുകള്‍ വേദിയിലേക്ക് ഇരച്ചുകയറുകയും തിക്കിലും തിരക്കിലും പെട്ട് അപകടം സംഭവിക്കുകയുമായിരുന്നു. ശ്വാസം മുട്ടിയാണ് നാല് പേരും മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
പരിപാടിയുടെ സംഘാടനത്തിൽ ഗുരുതര വീഴ്ചയുണ്ടായതായി അന്വേഷണ ഉപസമിതി റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് അധ്യാപകരുൾപ്പടെ ഏഴ് പേരിൽ നിന്ന് സിൻഡിക്കേറ്റ് വിശദീകരണം തേടിയിരുന്നു. പരിപാടിക്ക് പൊലീസ് സഹായം തേടുന്നതിൽ രജിസ്ട്രാർ ഓഫീസിനും വീഴ്ചയുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.
Read Also: 07.01.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ