പത്ത് വർഷത്തിനിടെ ഇന്ത്യൻ പാർലമെന്റ് കണ്ട ഏറ്റവും പ്രഷുബ്ദ്ധമായ ദിനമായിരുന്നു 2014 ഫെബ്രുവരി 18. രണ്ടാം യുപിഎ സർക്കാരിന്റെ അവസാനകാലം. മീരാ കുമാർ എന്ന ലോക്സഭയിലെ ആദ്യ വനിതാ സ്പീക്കർ സഭ നിയന്ത്രിക്കുന്നു. ആന്ധ്രപ്രദേശ് വിഭജനബിൽ ചർച്ചകൾക്ക് ശേഷം പാസാക്കുന്ന ദിനം. ആന്ധ്രപ്രദേശ്, തെലങ്കാന എന്നിങ്ങനെ രണ്ടായി സംസ്ഥാനത്തെ വിഭജിക്കാനുള്ള നീക്കത്തെ അക്ഷരാർത്ഥത്തിൽ പല്ലും നഖവും ഉപയോഗിച്ച് എതിർത്ത് കൊണ്ട് പ്രതിപക്ഷത്ത് നിന്ന് ബിജെപിയും , ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി എം.പിമാരും രംഗത്ത്. മറുപക്ഷത്ത് കോൺഗ്രസും, പീന്നീട് തെലങ്കാന മുഖ്യമന്ത്രിയായ ചന്ദ്രശേഖര റാവുവിന്റെ ടി.ആർ.എസ് എം.പിമാരും . വോട്ടിനിട്ടാൽ ഭൂരിപക്ഷം കിട്ടും .ബിൽ പാസാകും. അത് കൊണ്ട് തന്നെ ബിൽ വോട്ടിനിടുന്നത് തടയാനായിരുന്നു പ്രതിപക്ഷത്തിന്റെ ശ്രമം. മന്ത്രിയുടെ കൈയ്യിൽ നിന്നും ബിൽ തട്ടിപ്പറിച്ച് കീറി കളഞ്ഞും, സ്പീക്കർക്ക് നേരെ പേപ്പർ ചുരുട്ടി എറിഞ്ഞും, ഡയസിൽ കയറി മുദ്രാവാക്യം വിളിച്ച് സഭ പ്രഷുബ്ധമായി. പക്ഷെ പ്രശ്നമുണ്ടാക്കിയ ഒരൊറ്റ എം.പിയെ പോലും സ്പീക്കർ പുറത്താക്കിയില്ല. എം.പിമാർക്കെതിരെ കുറ്റപത്രവുമായി പാർലമെന്ററികാര്യമന്ത്രി എത്തിയില്ല. സംഘർഷം അതിരൂക്ഷമായി മാറി. വോട്ടെടുപ്പിലേയ്ക്ക് കാര്യങ്ങൾ നീങ്ങി. അവസാനം ഒരു രക്ഷയുമില്ലെന്ന് കണ്ടപ്പോൾ പ്രതിപക്ഷത്ത് നിന്നും ആരോ എം.പിമാർക്ക് നേരെ കുരുമുളക് സ്പ്രേ അടിച്ചു. കണ്ണ് നീറിയ എം.പിമാർ പരക്കം പായുന്നതിനാണ് പാർലമെന്റ് സാക്ഷ്യം വഹിച്ചത്. അന്ന് കോൺഗ്രസ് എം.പിയായിരുന്ന മുൻ ക്രിക്കറ്റ് ക്യാപന്റൻ മുഹമ്മദ് അസറുദീന്റെ കൈക്കരുത്ത് പല പ്രതിപക്ഷ എം.പിമാരും ശരിക്കും അറിഞ്ഞുവെന്നും ആരോപണം ഉണ്ടായി. എന്തായാലും പ്രതിപക്ഷ ശബ്ദം ആവിശ്യത്തിലധികം കേൾപ്പിച്ച് കൊണ്ട് ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ ആന്ധ്രാവിഭജന ബിൽ പാസായി.
അന്ന് പ്രതിപക്ഷത്തിരുന്ന ചുരുക്കം ചില എം.പിമാരെങ്കിലും ഇപ്പോൾ ഭരണപക്ഷത്തുണ്ട്. ജനാധിപത്യത്തിന്റെ കീഴ്വഴക്കങ്ങൾ അവർക്ക് അറിയാമായിരിക്കും. പക്ഷെ 2014ൽ ആദ്യമായി പാർലമെന്റിൽ എത്തിയ, ഇപ്പോഴത്തെ ലോക്സഭ അദ്ധ്യക്ഷൻ ഓം ബിർളയ്ക്ക് കാര്യങ്ങൾ അത്ര പരിചിതമായിരിക്കില്ല. സ്പീക്കർ ആകുന്നതിന് മുമ്പ് പാർലമെന്റിൽ ഒരു സ്വകാര്യബിൽ പോലും അവതരിപ്പിച്ച ചരിത്രം ഓം ബിർളക്കില്ല. പ്രതിഷേധ ദിനങ്ങളിൽ സഭയ്ക്കുള്ളിൽ ഉണ്ടായിരുന്നോ എന്ന് പോലും വ്യക്തമല്ല. അത്രയേറെ നിശബ്ദനായിരുന്ന ഓം ബിർളയ്ക്ക് രണ്ടാം വരവിൽ മോദി സർക്കാർ ഏൽപ്പിച്ച സുപ്രധാന ദൗത്യമായിരുന്നു ലോക്സഭ സ്പീക്കർ സ്ഥാനം. ഏറ്റവും കൂടുതൽ എം.പിമാരെ പുറത്താക്കിയ സ്പീക്കർ എന്ന റെക്കോർഡ് ഓം ബിർളയ്ക്ക് സ്വന്തം. ഡിസംബർ നാലിന് ആരംഭിച്ച് വ്യാഴാഴ്ച്ച സമാപിച്ച ശീതകാല സമ്മേളനത്തിനിടെ ലോക്സഭയിൽ നിന്നും പുറത്താക്കപ്പെട്ടത് 100 പ്രതിപക്ഷ എം.പിമാർ. പതിനാലാം തിയതി പതിനാല് എം.പിമാരെ സസ്പെൻഡ് ചെയ്ത് കൊണ്ട് തുടങ്ങിയ പരിപാടി സഭ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞ ദിനം വരെ തുടർന്നു. തിങ്കളാഴ്ച്ച 78 പേർ, ചൊവ്വാഴ്ച്ച 49 പേർ , സഭ അവസാനിക്കുന്ന ദിനം ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടത് മൂന്ന് പേർ . രാജ്യസഭയിൽ നിന്നും 46 പേരും, ലോക്സഭയിൽ നിന്ന് 100 പേരുമടക്കം 146 എം.പിമാർ സഭയുടെ ഗാലറിയിൽ പോലും കയറി ഇറിക്കാൻ അർഹതയില്ലാത്തവരായി മാറി. ക്രിമിനൽ ചട്ടം ഭേദഗതി ചെയ്യുന്ന മൂന്ന് ബില്ലുകൾ, തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കാനുള്ള ബിൽ എന്നിവയെല്ലാം പ്രതിപക്ഷമില്ലാത്ത ബഞ്ചുകളെ സാക്ഷി നിറുത്തി രാജ്യത്തെ നിയമമായി മാറി. ശബ്ദവോട്ടെടുപ്പ് നടത്താൻ പോലും പ്രതിപക്ഷത്ത് നിന്നും ആരുമില്ലാത്ത സാഹചര്യം. പാർലമെന്റിലെ സുരക്ഷാ വീഴ്ച്ച സംബന്ധിച്ച് ആഭ്യന്തരമന്ത്രി പ്രസ്ഥാവന നടത്തണമെന്ന ആവിശ്യമാണ് എം.പിമാരെ സസ്പെൻഡ് ചെയ്യാനുള്ള കാരണമായത്. ഭരണപക്ഷത്തിന് അനുസൃതമായി മാത്രം കാര്യങ്ങൾ നീങ്ങിയാൽ പിന്നെന്തിനാണ് പ്രതിപക്ഷം? പിന്നെന്തിനാണ് പാർലമെന്റ് നടപടി ക്രമങ്ങളിൽ പ്രതിപക്ഷ നേതാവിന് പ്രത്യേക അധികാരം ? പിന്നെന്തിനാണ് ജനാധിപത്യം ? ലോകത്ത് മൂന്ന് രീതിയിലുള്ള ഭരണക്രമം നിലനിൽക്കുന്നു. രാജഭരണം,പട്ടാളഭരണം, പിന്നെ ജനാധിപത്യം. എല്ലാ ശബ്ദങ്ങൾക്കും തുല്യത നൽകുന്ന ജനാധിപത്യ സംവിധാനം സ്വീകരിച്ച് കൊണ്ടാണ് 1950ൽ ഇന്ത്യ റിപ്പബ്ളിക്കായത്. ഓരോ എം.പിമാരും ലക്ഷകണക്കിന് വരുന്ന വോട്ടർമാരെ പ്രതിനിധാനം ചെയ്യുന്ന രീതിയിലാണ് പാർലമെന്ററി സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. ഈ സമ്മേളന കാലത്ത് ലോക്സഭയിൽ നിന്നും പുറത്താക്കപ്പെട്ട 100 അംഗങ്ങൾ 15 കോടി ജനങ്ങളെയും, രാജ്യസഭയിൽ നിന്നും പുറത്താക്കപ്പെട്ട 46 പേർ 34 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്നു . മൊത്തം ജനസംഖ്യയുടെ കാൽഭാഗത്തെയാണ് പാർലമെന്റിൽ നിന്നും പുറം തള്ളിയത്.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായ മമതാ ബാനർജി ലോക്സഭ എം.പിയായിരിക്കെ അദ്ധ്യക്ഷനായിരുന്നത് സിപിഐഎം അംഗമായ സോമനാഥ് ചാറ്റർജിയായിരുന്നു. ഇരു പാർട്ടികളും തമ്മിൽ ബംഗാളിലുണ്ടായിരുന്ന പോരിന്റെ ചൂടി ലോക്സഭയും അറിഞ്ഞ നാളുകൾ. ഒരിക്കൽ ബില്ലുകൾ എല്ലാം ചുരുട്ടികൂട്ടി സഭ നയിക്കുകയായിരുന്ന സോമനാഥ് ചാറ്റാർജിക്ക് നേരേ എറിഞ്ഞിട്ടുണ്ട് മമതാ ബാനർജി. അതിന്റെ പേരിൽ മമതയെ മാത്രമല്ല,അദ്ദേഹം സ്പീക്കർ ആയിരുന്ന കാലത്ത് ഒരംഗത്തെ പോലും സസ്പെൻഡ് ചെയ്തിട്ടില്ല. ഈ അംഗങ്ങളുടെ രോഷം അവരുടേത് മാത്രമല്ലെന്നും അവരെ വോട്ട് ചെയ്തു സഭയിലേക്ക് അയച്ച കോടിക്കണക്കിനു ജനങ്ങളുടേത് ആണെന്നും തിരിച്ചറിയാനുള്ള ഉന്നതമായ ജനാധിപത്യ ബോധം സ്പീക്കർമാർക്ക് ഉണ്ടായിരുന്നു. സർക്കാർ പാർലമെന്റിൽ മറുപടി പറഞ്ഞേ മതിയാകു.മണിപ്പൂർ സംഘർഷത്തിൽ അഞ്ച് മാസത്തോളം മൗനം പാലിച്ച പ്രധാന മന്ത്രി പാർലമെന്റ് സമ്മേളനം തുടങ്ങിയ ദിവസമാണ് ആദ്യ പരസ്യ പ്രതികരണം നടത്തിയത്. രാഷ്ട്രീയ മര്യാദയിലാണ് പാർലമെന്റിന്റെ നടത്തിപ്പ് .ഈ മര്യാദ കൈമോശം വരുന്നതോടെ ജനാധിപത്യത്തിന്റെ നിലനിൽപ്പ് കൂടിയാണ് അപകടത്തിലാകുന്നത് . എംപിമാരുടെ താമസത്തിനും യാത്രയ്ക്കും കോടിക്കണക്കിനു രൂപയാണ് നികുതിപ്പണത്തിൽ നിന്നും ചിലവഴിക്കുന്നത്. ജനങളുടെ ശബ്ദമായി ഇവർ മാറുന്നതിനാണ് ഈ ചിലവ്. ഈ ശബ്ദത്തെ അടിച്ചമർത്തുന്ന നടപടികളെ പൊതുസമൂഹം ഞെട്ടലോടെയായിരുന്നു കാണേണ്ടിയിരുന്നത് . കുഴപ്പക്കാരായ വിദ്യാർഥികളെ അധ്യാപകർ ക്‌ളാസിൽ നിന്നും വെളിയിലാക്കുന്ന ലാഘവത്തോടെ ഈ പുറത്താക്കൽ കണ്ടുകൊണ്ടിരുന്നാൽ ജനാധിപത്യ സംവിധാനത്തിന്റെ കുഴി തോണ്ടൽ കൂടിയാകും.
Read More : പൂഞ്ച് ആക്രമണം; 15 പേർ കസ്റ്റഡിയിൽ