നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിൽ പോകാൻ ഹൈക്കോടതി അനുമതി നൽകി. ഡൽഹി ഹൈക്കോടതിയാണ് അനുമതി നൽകിയത്. അമ്മ പ്രേമകുമാരിക്ക് യെമനിലേക്ക് പോകാനുള്ള നടപടികൾ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് നിർദേശം നൽകി. യെമനിലേക്ക് യാത്രാനുമതി നിഷേധിച്ച കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരായ ഹർജിയിലാണ് ഉത്തരവ്. യെമനിൽ താമസസൗകര്യം ഒരുക്കാൻ സന്നദ്ധരായവരുടെ പട്ടിക പ്രേമകുമാരി കോടതിയിൽ നൽകിയിരുന്നു.
യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനുള്ള ചർച്ചകൾക്കായാണ് പ്രേമകുമാരി യെമനിലേക്ക് പോകുന്നത്. കൊല്ലപ്പെട്ട തലാലിന്റെ മാതാപിതാക്കളുമായി കേസിനെ സംബന്ധിക്കുന്ന ചർച്ചകൾ നടത്താൻ യമനിലേക്ക് പോകാനുള്ള അനുവാദം വേണമെന്നാവശ്യപ്പെട്ടാണ് പ്രേമകുമാരി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. പ്രേമകുമാരിയ്ക്കും പത്ത് വയസുകാരിയായ നിമിഷയുടെ മകൾക്കും യമനിലേക്ക് പോകാൻ അനുമതി തേടിയായിരുന്നു അപേക്ഷ. 2017 ൽ ബിസിനസ് പങ്കാളിയായ തലാൽ അബ്ദോ മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ നിമിഷയെ 2020 ലാണ് യമൻ കോടതി വധശിക്ഷക്ക് വിധിച്ചത്.
Also read: അതു കലക്കി ! ഒടുവിൽ വരനെ വെളിപ്പെടുത്തി നടി സുരഭി