ന്യൂഡൽഹി: കൊലപാതക കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിൽ കഴിയുന്ന നിമിഷപ്രിയയുടെ അമ്മയ്ക്ക് യാത്രാനുമതി നിഷേധിച്ച് വിദേശകാര്യമന്ത്രാലയം. യെമനിലെ ആഭ്യന്തരസാഹചര്യങ്ങൾ യാത്രക്ക് അനുകൂലമല്ലെന്നും യെമനിലേക്ക് പോകണമെന്ന ആവശ്യം പുനപരിശോധിക്കണമെന്നും മന്ത്രാലയം കത്തിലൂടെ നിമിഷപ്രിയയുടെ അമ്മയെ അറിയിച്ചു. വിദേശകാര്യമന്ത്രാലയത്തിന്റെ ഗൾഫ് ഡയറക്ടർ ആയ തനൂജ് ശർമയാണ് കത്ത് അയച്ചത്. യെമനിലേക്ക് പോവാൻ യാത്രാസഹായം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നിമിഷപ്രിയയുടെ അമ്മ ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞ തവണ ഹരജികൾ പരിഗണിച്ചപ്പോൾ ഡൽഹി ഹൈക്കോടതി ഈ ആവശ്യം പരിശോധിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകിയിരുന്നു. തുടർന്ന് നിമിഷപ്രിയയുടെ അമ്മയുടെയും ബന്ധപ്പെട്ട നാലു പേരുടെയും പാസ്‌പോർട്ടുകൾ കേന്ദ്ര സർക്കാരിന് സമർപ്പിക്കുകയും ചെയ്തു. ഇത് പരിശോധിച്ചതിന് ശേഷമാണ് തത്കാലം യാത്രക്ക് അനുമിതിയില്ലെന്ന് അറിയിച്ച് കേന്ദ്രസർക്കാർ കത്ത് നൽകിയത്.
വധശിക്ഷ വിധിച്ചതിനെതിരെ നിമിഷപ്രിയ നല്‍കിയ അപ്പീല്‍ നവംബര്‍ 13-ന് യമനിലെ സുപ്രീം കോടതി തള്ളിയിരുന്നു. യെമൻ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017-ല്‍ കൊല്ലപ്പെട്ട കേസില്‍ ലഭിച്ച വധശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമെന്‍ കോടതിയും തള്ളിയിരുന്നു. ഇതിന് എതിരെ നല്‍കിയ അപ്പീലാണ് യെമൻ സുപ്രീം കോടതി ഇപ്പോള്‍ തള്ളിയത്. ഈ സാഹചര്യത്തിലാണ് യെമനിലേക്ക് പോവാൻ കുടുംബം തീരുമാനിച്ചത്.
Read Also:ഇത് റോബിൻ ബസ്സിന്റെ പോരാട്ട കഥ ; സമയം പാഴാക്കാനില്ല ബസ് ഉടമകൾ ഇനി എംവിഡിക്ക് മുന്നിലേക്ക്