തമിഴ് സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളാണ് രാഘവ ലോറൻസ്. സ്റ്റണ്ട് മാസ്റ്ററുടെ കാർ ക്ലീനറായി ജോലി ചെയ്തിരുന്ന ലോറൻസ് ഡാൻസിനോടുള്ള അടങ്ങാത്ത ആഗ്രഹത്തെ തുടർന്നാണ് സിനിമയിൽ എത്തിയത്. ബാക്ക്ഗ്രൗണ്ട് ഡാൻസർ ആയി അങ്ങനെ ലോറൻസ് കരിയർ തുടങ്ങി. പ്രഭുദേവ, ചിരഞ്ജീവി എന്നിവരുടെ ചിത്രത്തിൽ ഡാൻസറായി എത്തി ശ്രദ്ധ നേടി .ഡാൻസ് മാസ്റ്റർ ലോറൻസ് പിന്നീട് നടനായി. സംവിധായകൻ എന്നീ നിലകളിലും കഴിവ് തെളിയിച്ചു. പിന്നീട് താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. നിലവിൽ സംവിധായകൻ, ഡാൻസ് മാസ്റ്റർ, നടൻ എന്നീ നിലകളിൽ അറിയപ്പെടുന്ന ലോറൻസ് ആദ്യകാലങ്ങളിൽ നേരിട്ട പ്രതിസന്ധിയെ കുറിച്ച് പറയുകയാണ് ഇപ്പോൾ.
ജിഗർതണ്ട 2 എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിൽ ആണ് നിറത്തിന്റെ പേരിൽ മാറ്റിനിർത്തപ്പെട്ടതിനെ കുറിച്ച് പറയുന്നത്. കളർ പൊളിറ്റിക്സ് ഇപ്പോഴും തമിഴ് സിനിമയിൽ ഉണ്ടോ എന്ന ചോദ്യത്തിന് “ഇപ്പോഴതില്ല. ഞാൻ ഗ്രൂപ്പ് ഡാൻസറായി ഇരുന്ന സമയത്ത് അതുണ്ടായിരുന്നു. പ്രഭുദേവ മാസ്റ്റർ വന്നതിന് ശേഷമാണ് അതിൽ മാറ്റം വന്നത്. കറുത്ത പട്ടി, പുറകിലേക്ക് മാറി നിൽക്ക് എന്നൊക്കെ പറഞ്ഞ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. സെക്കന്റ് റോയിൽ നിന്നാലും ബാക്കിൽ പോയി നിൽക്കാൻ പറയുമായിരുന്നു. പ്രഭുദേവ മാസ്റ്റർ വന്നപ്പോഴാണ് ടാലന്റിന് മാത്രമാണ് ബഹുമാനവും മര്യാദയും എന്ന കാര്യം വരുന്നത്. അന്ന് നമ്മളെ കറുപ്പൻ എന്ന് വിളിച്ചില്ലേ. അതുകൊണ്ടാണ് ഇന്ന് ഇവിടെ വരെ എത്തിനിൽക്കുന്നത്. ഈ അവസരത്തിൽ അവരോടും നന്ദി പറയുകയാണ് “, എന്നാണ് ലോറൻസ് പറഞ്ഞത്. ജിഗർതണ്ട 2 ട്രെയിലറിൽ കറുപ്പിനെ കുറിച്ച് ലോറൻസ് പറയുന്ന ഡയലോഗ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചന്ദ്രമുഖി 2 ആണ് ലോറൻസിൻറേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല. ട്രോളുകൾക്കും വിമർശനങ്ങൾക്കും ചിത്രം പാത്രമായിരുന്നു. എസ് ജെ സൂര്യയും പ്രധാന വേഷത്തിൽ എത്തുന്ന ജിഗർതണ്ട 2 നവംബർ 10ന് തിയറ്ററിൽ എത്തും.