പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത് ചേരുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് പിന്നാലെയായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക.
ഹൈക്കമാൻഡ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടക്കുന്ന ഈ യോഗം സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ നിർണ്ണായകമാണ്.
ഉച്ചയ്ക്ക് ഒരു മണിക്ക് കോൺഗ്രസ് എംഎൽഎമാരുടെ യോഗമാണ് ആദ്യം നടക്കുക. ഈ യോഗത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാവിനെക്കുറിച്ച് എംഎൽഎമാരുടെ അഭിപ്രായം തേടും.
ഇതിന് പിന്നാലെ കൃത്യം രണ്ട് മണിക്ക് യുഡിഎഫിലെ മറ്റ് ഘടകകക്ഷി നേതാക്കളുടെ യോഗവും വിളിച്ചു ചേർത്തിട്ടുണ്ട്. മുന്നണിയിലെ സമവായം ഉറപ്പാക്കിയ ശേഷമായിരിക്കും ഔദ്യോഗികമായ പ്രഖ്യാപനം നടത്തുക.
എഐസിസി പ്രതിനിധികളായ അജയ് മാക്കൻ, മുകുൾ വാസ്‌നിക്, ദീപദാസ് മുൻഷി എന്നിവരാണ് പ്രഖ്യാപന സമയത്ത് സന്നിഹിതരായിരിക്കുക.
ഇവരുടെ മേൽനോട്ടത്തിൽ നടക്കുന്ന ചർച്ചകൾക്ക് ശേഷം ഹൈക്കമാൻഡിന്റെ തീരുമാനം ഇവർ നേതാക്കളെ അറിയിക്കും. പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്.
രാവിലെ മുതൽ തന്നെ കെപിസിസി ആസ്ഥാനത്തും പരിസരത്തും വലിയ രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളും പ്രവർത്തകരുടെ തിരക്കും അനുഭവപ്പെടുന്നുണ്ട്.
പുതിയ മുഖ്യമന്ത്രിയെ കുറിച്ചുള്ള അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനാൽ പാർട്ടി കേന്ദ്രങ്ങളും അണികളും വലിയ ആവേശത്തിലാണ്.
മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചാലുടൻ രാജ്ഭവനിലെത്തി ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കാനാണ് നീക്കം.









