ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ സുധ മൂർത്തിയുടെ പേര് ദുരുപയോഗം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ വൈദികനെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ മല്ലേശ്വരത്ത് നിന്നുള്ള അരുൺ കുമാർ (34)ആണ് അറസ്റ്റിലായത്. കാലിഫോർണിയയിലെ കന്നഡ കൂട്ട എന്ന സംഘടനയുടെ പ്രോഗ്രാമിന് സുധ മൂർത്തിയെ എത്തിക്കാം എന്ന് വാഗ്ദാനം നൽകിയാണ് അഞ്ചുലക്ഷം രൂപ കബളിപ്പിച്ചത്. സുധ മൂർത്തിയെ മുഖ്യാഥിതിയായി കാണിക്കുന്ന പോസ്റ്ററുകളും വിഡിയോയും പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. അഞ്ച് ലക്ഷം രൂപ അഡ്വാൻസായി വാങ്ങിയതായി കുമാർ സമ്മതിച്ചിട്ടുണ്ട്.
ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ സുധ മൂർത്തിയുടെ പേരും ഫോട്ടോയും ഉപയോഗിച്ച് ആളുകളെ കബളിപ്പിച്ചെന്നാരോപിച്ച് ബംഗളൂരുവിൽ നേരത്തെ രണ്ട് സ്ത്രീകൾക്കെതിരെ കേസെടുത്തിരുന്നു. മൂർത്തിയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് മമത സഞ്ജയ് നൽകിയ പരാതിയെ തുടർന്നാണ് ഇവർക്കെതിരെ കേസെടുത്തത്. ലാവണ്യ, ശ്രുതി എന്നിവരാണ് പ്രതികൾ. എന്നാൽ പിന്നാലെ നടത്തിയ പരിശോധനയിൽ ഇത് രണ്ടിന്റെയും പിന്നിലും കുമാർ ആണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്.
ഇൻഫോസിസ് സഹസ്ഥാപകൻ എൻ ആർ നാരായണ മൂർത്തിയുടെ ഭാര്യയും 150-ലധികം പുസ്തകങ്ങൾ എഴുതിയ പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമാണ് സുധാ മൂർത്തി.