ദ്വാരപാലക ശിൽപ്പങ്ങൾ വീട്ടിൽ കൊണ്ടുവന്നു…സ്വർണത്തകിടികൾ വീട്ടിൽ സൂക്ഷിക്കുന്നത് ഐശ്വര്യം കൊണ്ടുവരും….നടൻ ജയറാം സാക്ഷി
ചെന്നൈ: ശബരിമല സ്വർണക്കൊള്ളക്കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണസംഘം (SIT). കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിനെ എസ്ഐടി ചോദ്യം ചെയ്തു. ചെന്നൈയിലെ ജയറാമിന്റെ വസതിയിലെത്തിയാണ് മൊഴിയെടുത്തത്.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശബരിമല സന്ദർശനങ്ങളിലൂടെയാണ് പരിചയം ആരംഭിച്ചതെന്ന് ജയറാം മൊഴി നൽകി.
കഴിഞ്ഞ 40 വർഷമായി താൻ എല്ലാ വർഷവും ശബരിമല സന്ദർശിക്കുന്നുണ്ടെന്നും ഈ യാത്രകളിലൂടെയാണ് ബന്ധം കൂടുതൽ അടുത്തതായതെന്നും ജയറാം പറഞ്ഞു.
പോറ്റിയെ വിശ്വാസമായിരുന്നുവെന്നും, അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകളോ തട്ടിപ്പുകളോ സംബന്ധിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും ജയറാമിന്റെ മൊഴിയിൽ പറയുന്നു.
പോറ്റി നിരവധി തവണ പൂജകൾക്കായി വീട്ടിലെത്തിയിട്ടുണ്ടെന്നും, ദ്വാരപാലക ശിൽപ്പങ്ങൾ വീട്ടിൽ കൊണ്ടുവന്ന് പൂജിച്ചതായും ജയറാം വിശദീകരിച്ചു.
സ്വർണത്തകിടികൾ വീട്ടിൽ സൂക്ഷിക്കുന്നത് ഐശ്വര്യം കൊണ്ടുവരുമെന്ന് പോറ്റി പറഞ്ഞതായി ജയറാം മൊഴി നൽകിയതായാണ് റിപ്പോർട്ട്. ക്ഷേത്രത്തിൽ നടന്ന ചില പൂജകളിൽ താനും പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം അന്വേഷണ സംഘത്തോട് വ്യക്തമാക്കി.
അതേസമയം, ജയറാമിന്റെ വസതിയിൽ സ്വർണപ്പാളികൾ പൂജിക്കുന്നതിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
ഇതുമായി ബന്ധപ്പെട്ട ജയറാം നൽകിയ വിശദീകരണങ്ങളിൽ പൊരുത്തക്കേടുണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യൽ നടന്നതെന്നാണ് വിവരം.
കേസിൽ ജയറാമിനെ സാക്ഷിയാക്കാനാണ് എസ്ഐടിയുടെ നീക്കമെന്ന് അന്വേഷണ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ENGLISH SUMMARY
The SIT questioned actor Jayaram at his Chennai residence in connection with the Sabarimala gold heist case. Jayaram reportedly stated that his association with prime accused Unnikrishnan Potti began through Sabarimala visits and that Potti had visited his home multiple times for rituals. He claimed he was unaware of any financial fraud and said he trusted Potti. The SIT is likely to include Jayaram as a witness in the case.
sabarimala-gold-heist-sit-questions-actor-jayaram-chennai
Sabarimala, gold heist, SIT, Jayaram, Unnikrishnan Potti, Chennai, Kerala news, investigation, witness statement









