സി.എച്ച്.ആർ. ഭൂമിയിൽ സംയുക്ത സർവേ നടത്താതെ വനം- റവന്യു വകുപ്പുകൾ
ഇടുക്കി ജില്ലയിൽ സി.എച്ച്.ആർ. ( കാഡമം ഹിൽ റിസർവ്) സാനിധ്യമുള്ള 27 വില്ലേജുകളിൽ 13,578 അപേക്ഷകർക്ക് പട്ടയം ലഭിക്കാനിരിക്കെ സി.എച്ച്.ആർ. ഭൂമിയിൽ സംയുക്ത സർവേ നടത്താതെ വനം റവന്യു വകുപ്പുകൾ.
1977 ജനുവരിക്ക് മുൻപ് കുടിയേറ്റം നടത്തിയവരെ കണ്ടെത്താനാണ് സംയുക്ത പരിശോധന നടത്തുന്നത്. സംയുക്ത പരിശോധന നടത്തി വ്യക്തത വരുത്തിയാലെ കുടിയേറ്റ കർഷകർക്ക് പട്ടയം ലഭിക്കൂ.
പുതിയ ഉത്തരവ് പ്രകാരവും സി.എച്ച്.ആർ. സാനിധ്യമുള്ള വില്ലേജുകളിലെ അപേക്ഷ സ്വീകരിക്കുന്നത് വനം റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധനാ പട്ടികയിൽ ഉൾപ്പെട്ടവരിൽ നിന്നാണ്.
വണ്ണപ്പുറം, കഞ്ഞിക്കുഴി, ഇടുക്കി എന്നീ വില്ലേജുകളിലെ പല പ്രദേശങ്ങളും സംയുക്ത പരിശോധനയിൽ നിന്നും ഒഴിവാക്കപ്പെട്ടതായി പരാതികൾ ഉണ്ട്.
വനവുമായി അതിർത്തി പങ്കിടുന്ന ഇവിടങ്ങളിൽ സംയുക്ത പരിശോധനാ പട്ടികയിൽ പെടാത്തവർക്ക് പട്ടയത്തിന് അപേക്ഷ നൽകാനാവില്ല.
ഇതിൽ വണ്ണപ്പുറം വില്ലേജിൽ നിന്നും 3846 ഉം കഞ്ഞിക്കുഴി വില്ലേജിൽ നിന്നും 2177 , ഇടുക്കി വില്ലേജിൽ നിന്നും 2148 അപേക്ഷകളും മലയോര പട്ടയ വിവര ശേഖരണത്തിൽ ലഭിച്ചിട്ടുണ്ട്.
എന്നാൽ വനം വകുപ്പിന്റെ നേര്യമംഗലം റേഞ്ചിൽ ഇതുവരെ സംയുക്ത പരിശോധന നടന്നിട്ടില്ല. സംയുക്ത പരിശോധന സംബന്ധിച്ചുള്ള ആധികാരിക രേഖകൾ ഒന്നും തന്നെ ഓഫീസിൽ ഇല്ലെന്ന് നേര്യമംഗലം റേഞ്ചിൽ നിന്നും വിവരാവകാശ രേഖപ്രകാരം മറുപടി നൽകിയിട്ടുണ്ട്.
മൂന്നാർ ഡിവിഷൻ ഫോറസ്റ്റ് ഓഫീസിന് കീഴിലും നടന്നിട്ടില്ല. 28,588.159 ഹെക്ടർ ഭൂമിക്കാണ് വനഭൂമി കുടിയേറ്റ നിയമപ്രകാരംപട്ടയം നൽകുന്നതിന് കേന്ദ്ര സർക്കാരും സുപ്രീം കോടതിയും അനുമതി നൽകിയത്.
ഇതിൽ 20300 ഹെക്ടർ ഭൂമിയും സി.എച്ച്.ആർ. പരിധിയിലാണ്. ഉടൻ തന്നെ സംയുക്ത പരിശോധന നടത്തിയില്ലെങ്കിൽ ഇത്രയും കൃഷിയിടങ്ങളിലെ പട്ടയ അപേക്ഷകൾ ഫയലിൽ കുരുങ്ങും.
ജനുവരി മൂന്നിന് ഇറങ്ങിയ സർക്കാർ ഉത്തരവിൽ കാഡമം ഹിൽ റിസർവ് മേഖലയ്ക്ക് പുറത്തുള്ളതും വനം -റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധന പൂർത്തീകരിച്ച കേന്ദ്രാനുമതി ലഭിച്ച 5000 ഹെക്ടർ ഭൂമിയുടെ പട്ടയത്തിന് അപേക്ഷ സ്വീകരിക്കാമെന്ന് പറയുന്നു.
അപ്പോഴും കാഡമം ഹിൽ റിസർവ് ഭൂമിയിൽ പട്ടയം നൽകേണ്ടതില്ല എന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.









