ബംഗാളിൽ നിപ്പ പടരുന്നു; ഏഷ്യൻ രാജ്യങ്ങൾക്ക് ജാഗ്രതാ നിർദേശം
ബംഗാളിലെ നാദിയ ജില്ലയിൽ നിപ്പ കേസുകൾ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഏഷ്യൻ രാജ്യങ്ങൾ കടുത്ത ജാഗ്രതയിലാണ്.
2025 ഡിസംബർ അവസാനത്തോടെ ബംഗാളിലെ രണ്ട് ആരോഗ്യ പ്രവർത്തകർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.
ഇതേത്തുടർന്ന് സിംഗപ്പുർ, തായ്‌ലൻഡ്, ഹോങ്കോങ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ വിമാനത്താവളങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കായി കർശനമായ പരിശോധനകൾ ആരംഭിച്ചു.
സിംഗപ്പുറിൽ താപനില പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. രോഗബാധിതരുമായി സമ്പർക്കത്തിലുണ്ടായിരുന്ന 196 പേരുടെ ഫലം നെഗറ്റീവാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്.
ത്ആശ്വാസകരമാണെങ്കിലും, ബംഗാളിൽ നിന്നുള്ള ഇതരസംസ്ഥാന തൊഴിലാളികൾ ധാരാളമായി എത്തുന്ന കേരളം പോലുള്ള സംസ്ഥാനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.
പ്രധാനമായും വവ്വാലുകൾ, പന്നികൾ എന്നിവയിൽ നിന്നാണ് നിപ്പ വൈറസ് മനുഷ്യരിലേക്ക് പടരുന്നത്. വവ്വാലുകൾ കടിച്ച പഴങ്ങൾ കഴിക്കുന്നതും അവയുടെ സ്രവങ്ങളുമായി സമ്പർക്കത്തിൽ വരുന്നതും രോഗബാധയ്ക്ക് കാരണമാകും.
അതിനാൽ, പറമ്പിലോ മുറ്റത്തോ വീണുകിടക്കുന്ന വവ്വാൽ കടിച്ച പാടുകളുള്ള പഴങ്ങൾ ഒരു കാരണവശാലും കഴിക്കരുത്.
വിപണിയിൽ നിന്ന് വാങ്ങുന്ന പഴങ്ങൾ പോലും സോപ്പുവെള്ളത്തിൽ കഴുകി വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
കള്ള് ചെത്തുന്ന പാത്രങ്ങളിൽ വവ്വാലുകൾ വന്നിരിക്കാൻ സാധ്യതയുള്ളതിനാൽ അത്തരം സാഹചര്യങ്ങളിൽ പ്രത്യേക ജാഗ്രത വേണം.
രോഗം ബാധിച്ച വ്യക്തിയുടെ സ്രവങ്ങളിലൂടെയും അവർ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, സോപ്പ് തുടങ്ങിയ സാധനങ്ങളിലൂടെയും വൈറസ് മറ്റൊരാളിലേക്ക് പടരാം.
രോഗി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ വായുവിലൂടെയും അണുക്കൾ പകരാൻ സാധ്യതയുണ്ട്. വ്യക്തിശുചിത്വം പാലിക്കുക എന്നതാണ് നിപ്പയെ പ്രതിരോധിക്കാനുള്ള പ്രധാന വഴി.
സോപ്പോ ആൽക്കഹോൾ അടങ്ങിയ ഹാൻഡ് റബ്ബോ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുന്നത് ശീലമാക്കണം.
രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി വൈദ്യസഹായം തേടുകയും സമ്പർക്കപ്പട്ടികയിലുള്ളവർ നിരീക്ഷണത്തിൽ കഴിയുകയും വേണം.
ഡെങ്കിപ്പനി പോലെയോ ചിക്കൻഗുനിയ പോലെയോ അതിവേഗം പടരുന്നില്ലെങ്കിലും നിപ്പയുടെ മരണനിരക്ക് കൂടുതലായതിനാൽ അതീവ മുൻകരുതലുകൾ അനിവാര്യമാണ്.
ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും അനാവശ്യ ഭീതി ഒഴിവാക്കി ജാഗ്രതയോടെ ഇരിക്കുകയും ചെയ്യുക.









