ഇടുക്കി താലൂക്ക് ഓഫീസിലേയ്ക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം
ശബരിമല സ്വർണ്ണ കൊള്ളയിലെ മുഴുവൻ പ്രതികളേയും അറസ്റ്റു ചെയ്യുക, ദേവസ്വം മന്ത്രി രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇടുക്കി താലൂക്ക് ഓഫീസിലേയ്ക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.
പോലീസിനെ അവഗണിച്ച് താലൂക്കോഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരെ പോലീസ് തടയാൻ ശ്രമിക്കുന്നതിനിടെയുണ്ടായ സംഘർഷത്തിൽ ഡി സി സി പ്രസിഡൻറ് സി പി മാത്യു ഓടയിൽ വീണു.
സി പി മാത്യുവിനെ പൊലീസ് ഓടയിൽ തള്ളിയിട്ടെന്നാരോപിച്ച് പ്രവർത്തകർ അക്രമാസക്തരായി. ഓടയിൽ വീണ സി പി മാത്യുവിനെ ഇടുക്കി മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്സ് പ്രവർത്തകർ ചെറുതോണി ടൗണിൽ മുക്കാൽ മണിക്കൂറോളം റോഡുപരോധിച്ചു. റോഡുപരോധ സമരം യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.
മർദ്ദനത്തിന് നേതൃത്വം നൽകിയ പോലീസുകാരൻ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ സർവീസിൽ ഉണ്ടാകില്ലെന്ന് ജോയ് വെട്ടിക്കുഴി പറഞ്ഞു.
ഒടുവിൽ ഇടുക്കി അഡീഷണൽ എസ് പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
സംഭവം അന്വേഷിക്കാമെന്നും പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടി എടുക്കുമെന്നും ഉറപ്പ് നല്കിയതിനെ തുടർന്നാണ് കോൺഗ്രസ് പ്രവർത്തകർ റോഡു പരോധം അവസാനിപ്പിച്ചത്.
സംഭവത്തിൽ പ്രതിഷേധിച്ച് ജില്ലയില65 നീളം ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച ഇടുക്കി കളക്ടറേറ്റിലേക്ക് മാർച്ച് നടത്തുമെന്നും
നേതാക്കൾ പറഞ്ഞു.
മാർച്ചിനിടെ ഡിസിസി പ്രസിഡന്റ് ഓടയിൽ വീഴാനിടയായ സംഭവത്തിൽ പോലീസുദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും അക്രമമോ പ്രകോപനപരമായ നടപടിയോ ഉണ്ടായിട്ടില്ലെന്ന് ഇടുക്കി പോലീസ് പറഞ്ഞു.
ഇടുങ്ങിയ റോഡിലൂടെ താലൂക്ക് ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരെ ഷീൽഡ് ഉപയോഗിച്ച് തടയുക മാത്രമാണ് പോലീസ് ഉദ്യോഗസ്ഥർ ചെയ്തത്.
400 ഓളം വരുന്ന പ്രവർത്തകർക്ക് മുന്നിൽ 30 -ൽ താഴെ പോലീസ് ഉദ്യോഗസ്ഥർ മാത്രമാണ് പ്രതിരോധിക്കാൻ ഉണ്ടായിരുന്നത്.പ്രവർത്തകർ തള്ളി ക്കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതിയാണ് സിപി മാത്യു ഓടയിൽ വീണതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പോലീസ് മനപ്പൂർവ്വം ആരെയും ഉപദ്രവിച്ചിട്ടില്ല. മാർച്ചിൽ സംഘർഷം ഉണ്ടാവില്ലെന്നും സമാധാനപരമായി മാർച്ച് അവസാനിപ്പിക്കുമെന്നും നേതാക്കൾ നേരത്തെ അറിയിച്ചിരുന്നതായും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.









