പ്രത്യേകതരം കള്ളൻ; വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രം കുത്തിപ്പൊളിക്കുന്ന കാദർ ഷരീഫ് പിടിയിൽ
മലപ്പുറം: മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തിയിരുന്ന യുവാവിനെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി ചന്തപ്പടി അമ്പടി വീട്ടിൽ കാദർ ഷരീഫ് (24) ആണ് പിടിയിലായത്.
സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാത്രികാലങ്ങളിൽ എത്തി ഓഫീസ് മുറികളും അലമാരകളും കുത്തിത്തുറന്ന് മോഷണം നടത്തുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് വ്യക്തമാക്കി.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
പരപ്പനങ്ങാടി ബിഇഎം ഹയർ സെക്കൻഡറി സ്കൂളിലെ ഓഫീസ് റൂമും അലമാരകളും കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് കാദർ ഷരീഫ് വലയിലായത്.
നേരത്തെ പിഎസ്എംഒ കോളേജ്, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ഒഎച്ച്എസ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മോഷണം നടത്തിയ കേസുകളിലും ഇയാൾ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
സ്കൂളുകളുടെ ഘടനയെക്കുറിച്ച് കൃത്യമായ അറിവുള്ളവർക്കേ ഇത്തരം മോഷണം നടത്താൻ കഴിയൂവെന്ന് അധ്യാപകർ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശവാസികളായ നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
സിസിടിവി പരിശോധനയിലാണ് പ്രതിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
പ്രതിയെ സ്കൂളിലും പരിസര പ്രദേശങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷണം നടത്തിയ രീതി, മോഷണമുതൽ സൂക്ഷിച്ച സ്ഥലങ്ങൾ എന്നിവ പ്രതി പൊലീസിനോട് വെളിപ്പെടുത്തി.
പരപ്പനങ്ങാടി ഇൻസ്‌പെക്ടർ നവീൻ ഷാജിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ ശ്യാം, അബ്ദുൽ സലാം, സിപിഒമാരായ ജയേഷ്, ശ്രീനാഥ് സച്ചിൻ, ജാസർ, പ്രബീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതേസമയം, തീരദേശ മേഖലകളിൽ മത്സ്യബന്ധന വള്ളങ്ങളിൽ നിന്ന് ഉപകരണങ്ങൾ പതിവായി മോഷണം പോകുന്നതായും പരാതി ഉയർന്നിട്ടുണ്ട്.
തോട്ടപ്പള്ളി തുറമുഖത്തും പൊഴിയിലുമായി നങ്കൂരമിടുന്ന വള്ളികളിൽ നിന്നാണ് കൂടുതലായും മോഷണം.
ഏറ്റവും ഒടുവിൽ, തോട്ടപ്പള്ളി പൊഴിയിൽ നങ്കൂരമിട്ടിരുന്ന തുമ്പോളി കാക്കരിയിൽ സിബിച്ചന്റെ ഉടമസ്ഥതയിലുള്ള ‘ധന്യമോൾ’ എന്ന വള്ളത്തിലെ ഏകദേശം ഒന്നേകാൽ ലക്ഷം രൂപ വിലവരുന്ന പുതിയ എഞ്ചിൻ മോഷ്ടിക്കപ്പെട്ടു.
ഉടമ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.
English Summary
A youth who repeatedly carried out thefts targeting educational institutions in Malappuram district has been arrested by Parappanangadi police. The accused, Kader Shareef (24), was caught following CCTV-based investigations. He allegedly broke into school offices at night and stole valuables. Meanwhile, complaints have also surfaced about frequent thefts of equipment from fishing boats in coastal areas, with a fishing boat engine worth over ₹1.25 lakh recently stolen from Thottappally harbour.
malappuram-school-theft-accused-arrested-fishing-boat-theft
Malappuram theft, School burglary, Parappanangadi police, Kader Shareef arrest, CCTV investigation, Kerala crime news, Fishing boat theft, Thottappally harbour









