കാറിന്റെ പുകക്കുഴലിൽ നിന്ന് തീയും കനത്ത പുകയും; പൂരം കാണാനെത്തിയ ആൾക്ക് പൊള്ളലേറ്റു
ചാരുംമൂട്: മോഡിഫൈ ചെയ്ത കാറിൽ അപകടകരമായ അഭ്യാസപ്രകടനം നടത്തിയതിനിടെ റോഡരികിൽ നിന്നയാൾക്ക് ഗുരുതരമായി പൊള്ളലേറ്റു.
താമരക്കുളം സ്വദേശിയായ വള്ളികുന്നം കടുവിനാൽ മുറിയിൽ കണ്ണങ്കര വീട്ടിൽ അനിൽ കുമാറിന് (53) ആണ് പൊള്ളലേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കാർ ഓടിച്ച കൊട്ടാരക്കര എസ്.എൻ.പുരം പവിത്രേശ്വരം വലിയവിള വീട്ടിൽ ശബരീനാഥിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു.
ആനയടി പൂരത്തിന്റെ ഭാഗമായി ക്ലബ്ബുകളും വിവിധ സംഘടനകളും ചേർന്ന് താമരക്കുളം നെടിയാണിക്കൽ ക്ഷേത്രത്തിൽ ആനകൾക്ക് നൽകിയ വരവേൽപ്പ് കാണാൻ എത്തിയവർക്കിടയിലാണ് സംഭവം.
റോഡരികിൽ മറ്റ് ആളുകളോടൊപ്പം നിൽക്കുകയായിരുന്ന അനിൽ കുമാറിന്റെ അടുത്തേക്ക് രൂപമാറ്റം വരുത്തിയ കാർ എത്തിച്ച് അപകടകരമായ അഭ്യാസം നടത്തുകയായിരുന്നു.
ഈ സമയത്ത് കാറിന്റെ പുകക്കുഴലിൽ നിന്ന് തീയും കനത്ത പുകയും പുറത്തുവന്നു. ഇതാണ് അനിൽ കുമാറിന് ഗുരുതരമായ പൊള്ളലേറ്റതിന് കാരണമായത്.
കാലിന് ഗുരുതരമായി പരിക്കേറ്റ അനിൽ കുമാർ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ ചെങ്ങന്നൂർ ഡിവൈഎസ്പി ബിനു കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
എസ്‌ഐ ശ്രീജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർ രാജേഷ്, സീനിയർ പൊലീസ് ഓഫീസർമാരായ മനു, ശരത് ചന്ദ്രൻ, ജിംഷാജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.
English Summary
A man suffered severe burn injuries during a dangerous stunt performed with a modified car at Charummood. The injured, Anil Kumar (53) from Thamarakulam, was standing roadside watching the reception of elephants for the Aanayadi Pooram festival when the incident occurred. Fire and smoke erupted from the car’s exhaust during the stunt, causing the injuries. The car driver, Shabeernath (21) from Kottarakkara, was arrested. Police have launched an investigation into the incident.
charummood-modified-car-stunt-burn-injury-arrest
Charummood, modified car stunt, burn injury, Anil Kumar, Shabeernath arrest, Kerala accident news, Aanayadi Pooram, police investigation









