മകന്റെ ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച പിന്നാലെ എലിവിഷം കഴിച്ചു ജീവനൊടുക്കി 75 കാരൻ
കുഴൽമന്ദം: കുടുംബവഴക്കിനെ തുടർന്നുണ്ടായ സംഘർഷത്തിൽ മകന്റെ ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം എലിവിഷം കഴിച്ച് വയോധികൻ ജീവനൊടുക്കിയ ദാരുണ സംഭവം കുഴൽമന്ദത്ത് നടന്നു.
മാത്തൂർ പല്ലഞ്ചാത്തനൂർ നടക്കാവ് ശോഭന നിവാസിൽ രാധാകൃഷ്ണൻ (75) ആണ് മരിച്ചത്. സംഭവത്തിൽ പരുക്കേറ്റ മരുമകൾ അമിത (40) ചികിത്സയിലാണ്.
ഇന്നലെ രാവിലെ എട്ടേകാലോടെയായിരുന്നു സംഭവം. കുടുംബത്തിനകത്തെ തുടർച്ചയായ അസ്വാരസ്യങ്ങളാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസ് നിഗമനം.
രാവിലെ സ്കൂൾ വാഹനത്തിൽ കുട്ടികളെ കയറ്റിവിട്ട ശേഷം അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരുന്ന അമിതയുടെ പിറകിലൂടെ എത്തിയ രാധാകൃഷ്ണൻ, കൈവശമുണ്ടായിരുന്ന വടിവാൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.
അപ്രതീക്ഷിതമായ ആക്രമണം തടയാൻ അമിത ശ്രമിച്ചതിനിടെയാണ് ഇടതുകൈയിലെ മൂന്നു വിരലുകൾക്ക് ഗുരുതരമായി പരുക്കേറ്റത്.
അമിതയുടെ നിലവിളി കേട്ട് വീട്ടിന് പുറത്തുണ്ടായിരുന്ന രാധാകൃഷ്ണന്റെ ഭാര്യ ശോഭനയും സമീപവാസികളും ഓടിയെത്തി. ഉടൻ തന്നെ പരുക്കേറ്റ അമിതയെ കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണത്തിന് പിന്നാലെ രാധാകൃഷ്ണൻ സമീപത്തുള്ള പഴയ വീട്ടിലേക്ക് കയറി വാതിൽ അടച്ച് എലിവിഷം കഴിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
രാധാകൃഷ്ണനെ കാണാനില്ലെന്ന് മനസിലായതിനെ തുടർന്ന് പ്രദേശവാസികൾ തിരച്ചിൽ നടത്തിയപ്പോൾ പഴയ വീട്ടിനകത്ത് നിന്നു ഞരക്കം കേൾക്കുകയായിരുന്നു.
വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോൾ അദ്ദേഹം ഗുരുതരാവസ്ഥയിലായിരുന്നു. ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരു വളപ്പിൽ തന്നെ രണ്ടു വീടുകളാണ് കുടുംബത്തിനുള്ളത്. തറവാട്ട് വീട്ടിലായിരുന്നു രാധാകൃഷ്ണന്റെ താമസം. ഭാര്യ ശോഭനയും മകൻ അശോകും ഭാര്യ അമിതയും കുട്ടികളും പുതിയ വീട്ടിലാണ് താമസിച്ചിരുന്നത്.
ഭക്ഷണം കഴിക്കാൻ മാത്രമാണ് രാധാകൃഷ്ണൻ പതിവായി പുതിയ വീട്ടിലേക്ക് വരാറുണ്ടായിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. കോയമ്പത്തൂരിൽ ഐടി ഉദ്യോഗസ്ഥനായ അശോക് സംഭവസമയത്ത് ജോലി സ്ഥലത്തായിരുന്നു.
സംഭവത്തിൽ കുഴൽമന്ദം പൊലീസ് ഇൻക്വസ്റ്റ് നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാധാകൃഷ്ണന്റെ സംസ്കാരം ഇന്ന് രാവിലെ പത്തിന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ നടന്നു. പരുക്കേറ്റ അമിത കുഴൽമന്ദം ഗുഡ് ഷെപ്പേഡ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ അധ്യാപികയാണ്.









