ഉദ്ഘാടനം നടക്കുന്നതിന് മുൻപേ തന്നെ നിർമാണത്തിലിരുന്ന ജലസംഭരണി തകർന്നുവീണു
സൂറത്ത് ∙ ഗുജറാത്തിലെ സൂറത്തിൽ ഉദ്ഘാടനം നടക്കുന്നതിന് മുൻപേ തന്നെ നിർമാണത്തിലിരുന്ന വൻ ജലസംഭരണി തകർന്നുവീണ സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നു.
21 കോടി രൂപ ചെലവഴിച്ച് നിർമിച്ച ജലസംഭരണിയാണ് കാപ്പാസിറ്റി പരിശോധനയ്ക്കിടയിൽ നിലംപൊത്തിയത്.
സംഭവത്തെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. കരാറുകാരും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗെയ്പാഗ്ല ജലവിതരണ പദ്ധതിയുടെ ഭാഗമായാണ് ഈ ജലസംഭരണി നിർമിച്ചിരുന്നത്. സൂറത്ത് ജില്ലയിലെ തഡ്‌കേശ്വർ ഗ്രാമത്തിൽ 15 മീറ്റർ ഉയരത്തിൽ നിർമ്മിച്ച ഈ ജലസംഭരണി 33 ഗ്രാമങ്ങൾക്ക് കുടിവെള്ളം എത്തിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
ഉദ്ഘാടനം നടക്കുന്നതിന് മുമ്പായി തിങ്കളാഴ്ച എൻജിനീയർമാർ ജലസംഭരണിയുടെ ശേഷി പരിശോധന നടത്തി. പരിശോധന സമയത്ത് ഏകദേശം ഒൻപത് ലക്ഷം ലിറ്റർ വെള്ളം സംഭരണിയിലുണ്ടായിരുന്നു.
പരിശോധന പുരോഗമിക്കുന്നതിനിടെ ജലസംഭരണിയിൽ ചോർച്ച കണ്ടെത്തിയതായും തുടർന്ന് നിമിഷങ്ങൾക്കകം ഘടന പൂർണമായി തകർന്നു വീഴുകയുമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
അപകടത്തിൽ സ്ഥലത്തുണ്ടായിരുന്ന മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവരെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്.
21 കോടി രൂപ മുടക്കി നിർമ്മിച്ച ജലസംഭരണി ഉദ്ഘാടനം മുമ്പേ തകർന്നതോടെ പ്രദേശത്ത് വലിയ പ്രതിഷേധമാണ് ഉയർന്നത്.
ഗുണനിലവാരമില്ലാത്ത നിർമാണ സാമഗ്രികൾ ഉപയോഗിച്ചതാണ് അപകടകാരണമെന്ന് നാട്ടുകാരും പ്രതിപക്ഷ പാർട്ടികളും ആരോപിച്ചു.
പൊതുമരാമത്ത് വകുപ്പിന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും വീഴ്ചയാണ് ദുരന്തത്തിന് കാരണമെന്നാണ് വിമർശനം. സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് പ്രതിപക്ഷം ഉയർത്തുന്നത്.
വിവാദം ശക്തമായതോടെ ഐജി പ്രംവീർ സിങ്, എസ്പി രാജേഷ് ഗദിയ എന്നിവരുടെ മേൽനോട്ടത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. ഏഴ് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
നിർമാണത്തിൽ ഗുരുതരമായ ക്രമക്കേടുകളും അഴിമതിയും നടന്നതായി പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചതായാണ് റിപ്പോർട്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് കരാറുകാരും ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.
കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്നും വിശദമായി പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.









