ദേവാലയത്തിൽ നിന്നും പുറത്തിറങ്ങിയ സ്ത്രീകൾക്ക് നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ് അജ്ഞാതൻ; സംഭവം കൊച്ചിയിൽ
കൊച്ചി: കൊച്ചിയിലെ സെന്റ് മേരീസ് ബസിലിക്കയിൽ പ്രാർത്ഥനാ കൂട്ടായ്മയിൽ പങ്കെടുത്ത് പുറത്തിറങ്ങിയ സ്ത്രീകൾക്ക് നേരെ അജ്ഞാതൻ സ്ഫോടക വസ്തുക്കൾ എറിഞ്ഞു. ഇന്നലെ രാത്രി 7.45 ഓടെയായിരുന്നു സംഭവം. ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്ന് പൊലീസ് അറിയിച്ചു.
ബസിലിക്കയിൽ കഴിഞ്ഞ നാൽപതിലേറെ ദിവസങ്ങളായി തുടരുന്ന കുർബാന തർക്കവുമായി ബന്ധപ്പെട്ട പ്രാർത്ഥനാ കൂട്ടായ്മയിൽ പങ്കെടുത്ത് മടങ്ങിയ 14ഓളം സ്ത്രീകളെയാണ് ലക്ഷ്യമിട്ടതെന്നാണ് വിവരം.
ആക്രമണത്തിന് ശേഷം അജ്ഞാതൻ സമീപത്തെ ആളൊഴിഞ്ഞ റോഡിലൂടെ രക്ഷപ്പെട്ടതായാണ് പ്രദേശവാസികൾ പറയുന്നത്.
സംഭവമറിഞ്ഞെത്തിയ പൊലീസ് രാത്രി തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ ഫ്ലാറ്റുകളിലും കടകളിലും നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് കേസെടുത്തിട്ടുണ്ട്.
ഇന്ന് രാവിലെയും പൊലീസ് വിശദമായ പരിശോധനയും അന്വേഷണം തുടരുകയും ചെയ്തു. കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചാൽ പ്രതിയെ കുറിച്ച് സൂചനകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.
പ്രാർത്ഥനാ കൂട്ടായ്മയ്ക്ക് എത്തുന്ന വിശ്വാസികൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങളായി ആക്രമണ ശ്രമങ്ങൾ ഉണ്ടായിരുന്നുവെന്നും ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കുകയും ദേവാലയത്തിലേക്കുള്ള വൈദ്യുതിയും വെള്ളവും വിച്ഛേദിക്കുകയും ചെയ്തതായി വിശ്വാസികൾ ആരോപിക്കുന്നു.
പൊലീസ് ഇടപെട്ടാണ് വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിച്ചത്.
ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ ബസിലിക്കയിലെ രണ്ട് സഹവൈദികർ പ്രശ്നക്കാർക്കൊപ്പം ഉണ്ടായിരുന്നുവെന്നും പ്രാർത്ഥനാ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നവർ ആരോപിച്ചു.
പൊലീസ് സാന്നിധ്യം സ്ഥിരമാക്കിയതോടെയാണ് പ്രദേശത്തെ സംഘർഷാവസ്ഥ കുറയാൻ തുടങ്ങിയതെന്നും അറിയിച്ചു.
അതേസമയം, എറണാകുളം–അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാന തർക്കവുമായി ബന്ധപ്പെട്ട് സെന്റ് മേരീസ് ബസിലിക്കയ്ക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കുർബാന ഉൾപ്പെടെയുള്ള ആരാധനകൾക്ക് മതിയായ പൊലീസ് സംരക്ഷണം നൽകുന്നില്ലെന്നും, അക്രമസംഭവങ്ങൾ ഒഴിവാക്കാൻ കൂടുതൽ പൊലീസ് വിന്യസിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
English Summary
An unidentified person hurled explosive substances at women who were leaving a prayer gathering at St. Mary’s Basilica in Kochi on Sunday night. The incident occurred around 7.45 pm, but no injuries were reported. Police have registered a case and are examining CCTV footage from nearby buildings. The attack is believed to be linked to the ongoing dispute over the unified Holy Mass in the Ernakulam–Angamaly Archdiocese. Security around the basilica has been tightened, and the investigation is ongoing.
kochi-st-marys-basilica-explosive-attack-on-women
Kochi, St Marys Basilica, explosive attack, prayer meeting attack, women targeted, church dispute, unified mass row, Kerala police investigation









