പൊറോട്ടയ്‌ക്കൊപ്പം ഫ്രീയായി ഗ്രേവി നൽകിയില്ല; സംഘർഷം; കട ഉടമയ്ക്കും ഭാര്യയ്ക്കും പരിക്ക്; സംഭവം കൊച്ചിയിൽ
കൊച്ചി: പൊറോട്ടയ്‌ക്കൊപ്പം സൗജന്യമായി ഗ്രേവി നൽകിയില്ലെന്ന കാരണത്താൽ ആരംഭിച്ച തർക്കം ഹോട്ടലിൽ കയ്യാങ്കളിയിൽ കലാശിച്ചു.
കൊച്ചി വൈപ്പിനിലെ എടവനക്കാട് അണിയൽ മാർക്കറ്റിൽ പ്രവർത്തിക്കുന്ന ഹോട്ടലിലാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ ഹോട്ടൽ ഉടമയുടെയും ഭാര്യയുടെയും പരാതിയിൽ പൊലീസ് കേസെടുത്തു.
ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. ഹോട്ടലിൽ നിന്ന് പൊറോട്ട വാങ്ങിയ സമീപവാസിയായ ജിബി എന്ന യുവാവ് ഗ്രേവി ഫ്രീയായി വേണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ ഗ്രേവിക്ക് 20 രൂപ നൽകണമെന്ന് ഹോട്ടൽ ജീവനക്കാരിയായ ജുമൈലത്ത് അറിയിച്ചതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിൽ ഹോട്ടൽ ഉടമ സുബൈർ ഇടപെട്ടതോടെ തർക്കം രൂക്ഷമായി.
ഇതിനിടെ, മുൻദിവസം നൽകിയ പൊറോട്ട പഴകിയതാണെന്ന് യുവാവ് ആരോപിച്ചതോടെ ജുമൈലത്തും സുബൈറും അത് നിഷേധിച്ചു.
ഏകദേശം അഞ്ച് മിനിറ്റോളം നീണ്ട വാക്കേറ്റം പിന്നീട് കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. യുവാവ് ആക്രമിക്കാൻ ശ്രമിച്ചതോടെ ഭർത്താവ് തടയാൻ ശ്രമിച്ചപ്പോൾ ജുമൈലത്തിനും പരിക്കേറ്റതായാണ് പരാതി.
തുടർന്ന് സുബൈറിനെ കടയിൽ നിന്ന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയ യുവാവ് കൈവശമുണ്ടായിരുന്ന മൂർച്ചയുള്ള വസ്തുവുപയോഗിച്ച് പുരികത്തിൽ കുത്തുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മർദിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.
സംഭവത്തിന് ശേഷം ഹോട്ടൽ ഉടമയും ഭാര്യയും ആശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
English Summary
A dispute over not providing free gravy with porotta escalated into a physical assault at a hotel in Vypin, Kochi. The hotel owner Subair and his wife Jumaileth were injured after a customer allegedly attacked them following a heated argument. Police have registered a case and initiated an investigation based on CCTV footage.
kochi-vypin-hotel-porotta-gravy-dispute-assault
Kochi, Vypin, hotel assault, porotta dispute, free gravy row, CCTV footage, Kerala crime news, police case









