നഷ്ടപ്പെട്ട ഫോണുകൾ സംസ്ഥാനം വിട്ടിട്ടും കണ്ടെടുത്ത് പോലീസ് ഉദ്യോഗസ്ഥൻ
വിവിധ സമയങ്ങളിലായി പീരുമേട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് നഷ്ടപ്പെട്ട ലക്ഷങ്ങൾ വിലമതിക്കുന്ന നിരവധി മൊബൈൽ ഫോണുകൾ പോലീസ് വീണ്ടെടുത്തു.
ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ തമിഴ്നാട്, ആസ്സാം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ഫോണുകൾ കണ്ടെത്തിയത്. ഫോണുകൾ യഥാർത്ഥ ഉടമസ്ഥർക്ക് കൈമാറി.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കങ്ങളാണ് ഫോണുകൾ കണ്ടെത്താൻ സഹായിച്ചത്. തമിഴ്നാട്ടിലെ ഉത്തമപാളയം, മധുര, കൂടാതെ ആസ്സാം തുടങ്ങിയ വിദൂര സ്ഥലങ്ങളിൽ നിന്നുമാണ് ഫോണുകൾ കണ്ടെടുത്തത്.
ഈ ദൗത്യത്തിൽ പീരുമേട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പ്രമോദ് പി.വി.നടത്തിയ അന്വേഷണമാണ് ഫലം കണ്ടത്.
നിങ്ങളുടെ ഫോൺ നഷ്ടപ്പെട്ടാല്‍ ഉടന്‍ എന്ത് ചെയ്യണം?
- എത്രയും വേഗം പോലീസില്‍ ഒരു പരാതി രജിസ്റ്റര്‍ ചെയ്യുക.അതിനായി കേരള പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോൽ-ആപ്പ് വഴിയോ, തുണ വെബ് പോർട്ടൽ വഴിയോ, പോലീസ് സ്റ്റേഷനിൽ നേരിട്ടോ നിങ്ങൾക്ക് പരാതി നൽകാം.
- ഓര്‍ക്കുക പരാതിയിൽ ഫോണിന്റെ IMEI നമ്പർ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്
- സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക
സർവീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് ഫോണിൽ ഉപയോഗിച്ചിരുന്ന സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക വഴി ഇത് നിങ്ങളുടെ ഫോൺ നമ്പർ ദുരുപയോഗം ചെയ്യുന്നത് തടയാൻ ഉപകരിക്കും.
ഓര്‍ക്കുക നിങ്ങളുടെ ഫോണ്‍ ബ്ലോക്ക് ചെയ്യുന്നതിന് ഈ നമ്പര്‍ ആവശ്യമാണ്. 24 മണിക്കൂറില്‍ തന്നെ ഡ്യൂപ്ലിക്കേറ്റ് സിംകാര്‍ഡ് ആക്റ്റിവേറ്റ് ചെയ്തുകിട്ടും.
- www.ceir.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക വഴി നിങ്ങളുടെ നഷ്ടപ്പെട്ട ഫോണ്‍ ബ്ലോക്ക് ചെയ്യാം
ഈ വെബ്‌സൈറ്റില്‍ ചുവന്ന നിറത്തിലുള്ള ബട്ടനില്‍ Block Stolen/Lost Mobile എന്ന ഓപ്ഷന്‍ കാണാം.
അതില്‍ പരാതിയുടെ കോപ്പി, തിരിച്ചറിയല്‍ രേഖ ഏതെങ്കിലും, ഫോണ്‍ വാങ്ങിയതിന്റെ ഇന്‍വോയ്‌സ് തുടങ്ങിയ രേഖകളുടെ പിന്‍ബലത്തോടെ അപേക്ഷ സമര്‍പ്പിച്ചാല്‍ വൈകാതെതന്നെ നിങ്ങള്‍ നല്‍കിയ ഐഎംഇഐ നമ്പര്‍(മൊബൈല്‍ നമ്പര്‍) ബ്ലോക്ക് ചെയ്യപ്പെടും.
പിന്നീട് ഒരു സിം കാര്‍ഡും ഈ ഫോണില്‍ പ്രവര്‍ത്തിക്കുകയില്ല. ഫോണ്‍ ഈ രീതിയില്‍ ബ്ലോക്ക് ചെയ്താല്‍പോലും അത് ട്രാക്ക് ചെയ്യാന്‍ പോലീസിന് സാധിക്കും.
ഇങ്ങനെയുള്ള അപേക്ഷയില്‍ നിങ്ങള്‍ക്ക് ഒരു റിക്വസ്റ്റ് ഐഡി ലഭിക്കുന്നതാണ്.
ഈ റിക്വസ്റ്റ് ഐഡി ഉപയോഗിച്ച് നിങ്ങളുടെ അപേക്ഷയുടെ Status എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാവുന്നതാണ്.
നഷ്ടപ്പെട്ട ഫോണ്‍ തിരിച്ച് കിട്ടിയാല്‍ www.ceir.gov.in വെബ്‌സൈറ്റില്‍ തന്നെ അണ്‍ബ്ലോക്ക് ചെയ്യുന്നതിനുള്ള ബട്ടന്‍ കാണാം.
ഇത് ക്ലിക്ക് ചെയ്ത് റിക്വസ്റ്റ് ഐഡി നല്‍കിയതിന് ശേഷം അണ്‍ബ്ലോക്ക് ചെയ്യാനുള്ള കാരണം വ്യക്തമാക്കി സബ്മിറ്റ് ചെയ്യാം. അണ്‍ബ്ലോക്ക് ചെയ്ത ഫോണില്‍ പിന്നീട് സിംകാര്‍ഡ് ഇട്ട് ഉപയോഗിക്കാം.
- നഷ്ടമായ സ്മാര്‍ട്ട് ഫോണിൽ സ്വകാര്യ വിവരങ്ങൾ ഉണ്ടെങ്കിൽ അവ നിങ്ങൾക്കുതന്നെ ഡിലീറ്റ് ചെയ്യാൻ മറ്റൊരു മാര്‍ഗ്ഗത്തിലൂടെ കഴിയും.
അതിനായി https://www.google.com/android/find/ എന്ന ഗൂഗിൾ ലിങ്ക് ഉപയോഗിക്കാവുന്നതാണ്. നഷ്ടമായ ഫോണിൽ സൈൻ ഇൻ ചെയ്യാൻ ഉപയോഗിച്ചിരുന്ന അക്കൗണ്ട് ലോഗിൻ വിവരങ്ങൾ ഉപയോഗിച്ചുകൊണ്ട് ഈ പേജിൽ ലോഗിൻ ചെയ്യുക.
ഫോൺ റിങ്ങ് ചെയ്യിക്കാനും ലോക്ക് ചെയ്യുവാനുമുള്ള മാർഗ്ഗങ്ങൾ ഈ പേജിൽ കാണാൻ കഴിയും.
കൂടാതെ ഇറേസ് ഡിവൈസ് എന്ന ഓപ്ഷൻ ഉപയോഗിച്ച് ഫോണിലെ വിവരങ്ങൾ പൂർണമായി ഡിലീറ്റ് ചെയ്യാനും സംവിധാനമുണ്ട്.
നഷ്ടപ്പെട്ട ഫോണിൽ ഉപയോഗിച്ച ഗൂഗിൾ അക്കൗണ്ട് സൈൻ ഇൻ ചെയ്തിരുന്നാൽ മാത്രമേ ഈ സേവനം ലഭ്യമാവുകയുള്ളൂ.









