ബ്രിട്ടനിലെ പോലീസുകാർക്കിടയിൽ ആത്മഹത്യകൾ വർധിക്കുന്നു
ലണ്ടൻ ∙ ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടുന്ന മേഖലകളിൽ പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ ആത്മഹത്യകൾ ആശങ്കാജനകമായ തോതിൽ വർധിക്കുന്നതായി പുറത്തുവന്ന റിപ്പോർട്ട് രാജ്യവ്യാപകമായി വലിയ ചർച്ചയ്ക്ക് ഇടയാക്കുന്നു.
2022ന് ശേഷം നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരും മറ്റ് സേനാ ജീവനക്കാരും ആത്മഹത്യ ചെയ്തതായും, ഇതിന് പുറമെ ഇരുന്നൂറിലധികം ആത്മഹത്യാശ്രമങ്ങൾ നടന്നതായും പൊലീസ് ഫെഡറേഷൻ ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് (PFEW) വെളിപ്പെടുത്തി.
ഈ കണക്കുകൾ സേനയ്ക്കുള്ളിലെ ഗുരുതരമായ മാനസികാരോഗ്യ പ്രതിസന്ധിയുടെ തെളിവാണെന്ന് ഫെഡറേഷൻ വ്യക്തമാക്കി.
പൊലീസ് സേനയ്ക്കുള്ളിൽ നടക്കുന്ന ആത്മഹത്യകളെ അധികാരികൾ ഗൗരവമായി കാണുന്നില്ലെന്നും പ്രശ്നം അവഗണിക്കുകയാണെന്നും ഫെഡറേഷൻ കടുത്ത ഭാഷയിൽ വിമർശിച്ചു.
ആത്മഹത്യ ചെയ്തവരിൽ ഭൂരിഭാഗം പേരും വകുപ്പുതല അന്വേഷണങ്ങളോ അച്ചടക്ക നടപടികളോ ക്രിമിനൽ കുറ്റാരോപണങ്ങളോ നേരിടുന്നവരായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
പലപ്പോഴും വർഷങ്ങളോളം നീളുന്ന അന്വേഷണങ്ങൾ ഉദ്യോഗസ്ഥരെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുകയും, സഹപ്രവർത്തകരിൽ നിന്നും സമൂഹത്തിൽ നിന്നും അവരെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നു.
ഈ ‘ഏകാന്തത’യാണ് പലരെയും ആത്മഹത്യയിലേക്ക് തള്ളിവിടുന്നതെന്ന് ഫെഡറേഷൻ ചൂണ്ടിക്കാട്ടുന്നു.
ഈ ഗുരുതര സാഹചര്യം അവസാനിപ്പിക്കാൻ ‘കോപ്ഡ് ഇനഫ്’ (#CoppedEnough) എന്ന പേരിൽ ആരംഭിച്ച ക്യാംപെയ്നിലൂടെ ഫെഡറേഷൻ സർക്കാരിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു.
പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണങ്ങൾ 12 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ നിയമപരമായ സമയപരിധി നിശ്ചയിക്കണം എന്നതാണ് പ്രധാന ആവശ്യം.
കൂടാതെ, ഓരോ പൊലീസ് ആത്മഹത്യയും കൃത്യമായി രേഖപ്പെടുത്താൻ പ്രത്യേക നിയമം കൊണ്ടുവരണമെന്നും, പൊലീസ് ആത്മഹത്യകളെ തൊഴിലിടത്തിലെ സുരക്ഷാ നിയമങ്ങളുടെ (Health & Safety Law) പരിധിയിൽ ഉൾപ്പെടുത്തണമെന്നും ഫെഡറേഷൻ ആവശ്യപ്പെടുന്നു.
എല്ലാ പൊലീസ് വിഭാഗങ്ങളിലും TRiM, STEP പോലുള്ള മാനസിക സമ്മർദ്ദം കുറയ്ക്കുന്ന പദ്ധതികൾ നിർബന്ധമാക്കണമെന്നും, ഉദ്യോഗസ്ഥരുടെ ക്ഷേമത്തിനായി രൂപീകരിച്ച ‘പൊലീസ് കോവനന്റ്’ പദ്ധതിക്ക് കൂടുതൽ ഫണ്ട് അനുവദിക്കണമെന്നും ആവശ്യങ്ങളിൽ ഉൾപ്പെടുന്നു.
ഇതിലൂടെ മാത്രമേ സേനയ്ക്കുള്ളിലെ മാനസികാരോഗ്യ പ്രതിസന്ധി പരിഹരിക്കാനാകൂവെന്ന് ഫെഡറേഷൻ മുന്നറിയിപ്പ് നൽകുന്നു.
ബ്രിട്ടനിലെ പൊലീസ് ഉദ്യോഗസ്ഥർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കടുത്ത സമ്മർദ്ദത്തിലാണ് ജോലി ചെയ്യുന്നത്.
ജീവനക്കാരുടെ കുറവ്, വർധിച്ചുവരുന്ന ജോലിഭാരം, പൊതുജനങ്ങളിൽ നിന്നും മാധ്യമങ്ങളിൽ നിന്നുമുള്ള രൂക്ഷമായ വിമർശനങ്ങൾ എന്നിവ ഉദ്യോഗസ്ഥരുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
സമയബന്ധിതമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ, ഈ പ്രതിസന്ധി കൂടുതൽ ഭീകരമായ രൂപത്തിലേക്ക് മാറുമെന്ന ആശങ്കയും ശക്തമാകുകയാണ്.









