അമേരിക്കയിൽ മോട്ടൽ കേന്ദ്രീകരിച്ച് ലഹരിയും അനാശാസ്യവും; ഇന്ത്യൻ ദമ്പതികൾ അറസ്റ്റിൽ
വെർജീനിയ: അമേരിക്കയിലെ വടക്കൻ വെർജീനിയിൽ ഒരു മോട്ടൽ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപനയും അനാശാസ്യ പ്രവർത്തനങ്ങളും നടത്തിവന്ന ഇന്ത്യൻ വംശജരായ ദമ്പതികൾ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായി.
പ്രിൻസ് വില്യം കൗണ്ടിയിലെ ‘റെഡ് കാർപെറ്റ് ഇൻ’ എന്ന മോട്ടലിലാണ് കുറ്റകൃത്യങ്ങൾ നടന്നത്. കേസിലെ മുഖ്യപ്രതികളായി കോഷ ശർമ്മ (52), ഭർത്താവ് തരുൺ ശർമ്മ (55) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് അന്വേഷണത്തിൽ പുറത്തുവന്നതനുസരിച്ച്, മോട്ടലിന്റെ താഴത്തെ നിലകളിൽ സാധാരണ അതിഥികൾക്ക് മുറികൾ അനുവദിച്ചിരുന്നുവെങ്കിലും മൂന്നാം നില ലഹരിമരുന്ന് ഇടപാടുകൾക്കും അനാശാസ്യ പ്രവർത്തനങ്ങൾക്കുമായി മാറ്റിവെച്ചിരുന്നു.
‘മാ’ അഥവാ ‘മാമാ കെ’ എന്ന പേരിലാണ് കോഷ ശർമ്മ ഇടപാടുകാർക്കിടയിൽ അറിയപ്പെട്ടിരുന്നത്. തരുൺ ശർമ്മയെ ‘പോപ്പ്’ അല്ലെങ്കിൽ ‘പാ’ എന്നായിരുന്നു വിളിച്ചിരുന്നത്.
ഇരുവരും ചേർന്നാണ് മോട്ടലിലെ കുറ്റകൃത്യ ശൃംഖല നിയന്ത്രിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി.
പൊലീസ് പരിശോധനകൾ നടക്കുമ്പോൾ ഇടപാടുകാരെയും കുറ്റവാളികളെയും മുന്നറിയിപ്പ് നൽകുകയും ഉദ്യോഗസ്ഥരുടെ ഇടപെടൽ തടയാൻ ശ്രമിക്കുകയും ചെയ്തിരുന്നത് ദമ്പതികളാണെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
മോട്ടലിൽ കൊക്കെയ്ൻ, ഫെന്റനൈൽ തുടങ്ങിയ അത്യന്തം അപകടകാരികളായ ലഹരിമരുന്നുകൾ വ്യാപകമായി വിതരണം ചെയ്തിരുന്നു. ഇവയുടെ വിൽപനയിലൂടെ വലിയ തോതിൽ പണം സമ്പാദിച്ചതായും അന്വേഷണ സംഘം വ്യക്തമാക്കി.
കോടതി രേഖകൾ പ്രകാരം, മോട്ടലിൽ കുറഞ്ഞത് എട്ട് സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ട്. ഇവരെ മോട്ടലിൽ പാർപ്പിച്ച ശേഷം പുറത്തുപോകാൻ അനുവദിച്ചിരുന്നില്ല.
ഇടപാടുകാരിൽ നിന്ന് ഓരോ ഇടപാടിനും 80 മുതൽ 150 ഡോളർ വരെ ഈടാക്കിയിരുന്നതായും സ്ത്രീകൾ ശാരീരിക പീഡനത്തിനും മാനസിക സമ്മർദങ്ങൾക്കും വിധേയരായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി.
എഫ്ബിഐയും പ്രാദേശിക പൊലീസും ചേർന്ന് മാസങ്ങളോളം നീണ്ട രഹസ്യ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്.
അന്വേഷണത്തിന്റെ ഭാഗമായി ഏജന്റുമാർ ഇടപാടുകാരായും മറ്റ് വേഷങ്ങളിലുമായി ഒമ്പതിലധികം തവണ മോട്ടലിലെത്തി തെളിവുകൾ ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരേസമയം റെയ്ഡ് നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
കേസിലെ മറ്റ് പ്രതികളായി മാർഗോ പിയേഴ്‌സ് (51), ജോഷ്വ റെഡ്ഡിക്ക് (40), റാഷാർഡ് സ്മിത്ത് (33) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികൾക്കെതിരെ ലഹരിമരുന്ന് കടത്ത്, മനുഷ്യക്കടത്ത്, അനാശാസ്യ പ്രവർത്തനങ്ങൾ, ഗൂഢാലോചന തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കേസിൽ തുടർ നിയമനടപടികൾ പുരോഗമിക്കുകയാണ്.









