ഏലം പുനർകൃഷിക്ക് ഹെക്ടറിന് ഒരു ലക്ഷം വരെ ധനസഹായം
ലോക ബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന ഏലം പുനരുത്പാദന പദ്ധതിയിലൂടെ കർഷകർക്ക് ഹെക്ടറിന് ഒരു ലക്ഷം വരെ ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഉത്പാദനം കുറഞ്ഞ ഇനങ്ങളും പഴക്കത്താൽ രോഗബാധയും ഉത്പാദനവും ഇടിഞ്ഞ ചെടികൾ മാറ്റി പുതിയവ നടാൻ കർഷകർക്ക് അവസരം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
3500 ഹെക്ടർ വരെ കൃഷിയ്ക്ക് അനുയോജ്യമാക്കാൻ പദ്ധതിയിലൂടെ സാധിക്കും. കുറഞ്ഞത് 7000 കർഷകർക്ക് എങ്കിലും പദ്ധതിയുടെ ഗുണം ലഭിക്കും.
25 സെന്റ് സ്ഥലം മുതൽ എട്ടു ഹെക്ടർ വരെയുള്ളവർക്ക് അപേക്ഷിക്കാം. ഓരോ കർഷകനും രണ്ടു ഹെക്ടർ വരെ പുനർ നടീലിന് ധനസഹായം ലഭിക്കും.
2024 ലെ ഉഷ്ണ തരംഗത്തിൽ ഒട്ടേറെ കർഷകരുടെ കൃഷി മൊത്തമായി കരിഞ്ഞു നശിച്ചിരുന്നു. ഹെക്ടർ കണക്കിന് ഏലത്തോട്ടമാണ് ഹൈറേഞ്ചിലെ തോട്ടങ്ങളിൽ കരിഞ്ഞു നശിച്ചത്.
എലത്തട്ടയുടെ വിലയും പണിക്കൂലിയും ഉയർന്നതോടെ പിന്നീട് പുനർകൃഷിക്കായി ഇറങ്ങിയവർക്കും കൈപൊള്ളിയ കാഴ്ച്ചയാണ് കണ്ടത്.
കൃഷി ഇത്തരത്തിൽ നശിച്ചവർക്ക് പുനർ കൃഷിക്കായി സുവർണാവസരമാണ് കൈവന്നിരിക്കുന്നത്. അർഹരായ കർഷകർക്ക് കേര പദ്ധതിയുടെ ഓൺലൈൻ പോർട്ടൽ വഴി നേരിട്ട് അപേക്ഷിക്കാം
തിരിച്ചറിയൽ രേഖ, പാസ്പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ് ബുക്ക്, കൈവശാവകാശ സർട്ടിഫിക്കറ്റ്, കാഡമം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, കൃഷിഭൂമിയുടെ സ്‌കെച്ച്, നികുതി രസീത് എന്നിവയടക്കം വേണം അപേക്ഷിക്കാൻ. അപേക്ഷിക്കേണ്ട ഓൺലൈൻ ലിങ്ക്: httsp//www.keraplantation.kerala.gov.in ഫോൺ: 7994346009.









