75 രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് കുടിയേറ്റ വീസ താൽക്കാലികമായി നിർത്തി യുഎസ്
വാഷിങ്ടൻ ∙ പാക്കിസ്ഥാൻ, റഷ്യ, ഇറാൻ ഉൾപ്പെടെ 75 രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് കുടിയേറ്റ വീസ നൽകൽ താൽക്കാലികമായി നിർത്തിവയ്ക്കാൻ യുഎസ് സർക്കാർ തീരുമാനിച്ചു.
യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ബുധനാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ച ഈ നടപടി, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ നിയന്ത്രണ നയത്തിന്റെ ഭാഗമായിട്ടാണ് നടപ്പിലാക്കുന്നത്.
അമേരിക്കയിലേക്കുള്ള കുടിയേറ്റം നിയന്ത്രിച്ച് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയും സാമ്പത്തിക താൽപര്യങ്ങളും സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.
പുതിയ കുടിയേറ്റക്കാർ രാജ്യത്ത് പ്രവേശിക്കുന്നതിലൂടെ അമേരിക്കൻ ജനതയ്ക്ക് ലഭിക്കേണ്ട വിഭവങ്ങളും സൗകര്യങ്ങളും ബാധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതുവരെ വീസ മരവിപ്പിക്കൽ തുടരുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചു.
കുടിയേറ്റ സംവിധാനം പുനഃപരിശോധിക്കുകയും സുരക്ഷാ പരിശോധനകൾ ശക്തിപ്പെടുത്തുകയും ചെയ്യുന്ന നടപടികളുടെ ഭാഗമായാണ് ഈ നിയന്ത്രണം എന്നാണ് വിശദീകരണം.
വീസ നിയന്ത്രണം ഏർപ്പെടുത്തിയ രാജ്യങ്ങളിൽ ഇന്ത്യയുടെ അയൽരാജ്യങ്ങളായ ബംഗ്ലദേശ്, പാക്കിസ്ഥാൻ, ഭൂട്ടാൻ, നേപ്പാൾ, മ്യാൻമർ തുടങ്ങിയവയും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ജനുവരി 21 മുതൽ ഈ വിലക്ക് പ്രാബല്യത്തിൽ വരുമെന്നാണ് യുഎസ് സർക്കാർ അറിയിച്ചിരിക്കുന്നത്. എന്നാൽ ടൂറിസ്റ്റ് വീസ, ബിസിനസ് വീസ, ഹ്രസ്വകാല സന്ദർശനങ്ങൾക്ക് അനുവദിക്കുന്ന മറ്റ് നോൺ-ഇമിഗ്രന്റ് വീസകൾക്ക് ഈ നിയന്ത്രണം ബാധകമല്ലെന്നും അധികൃതർ വ്യക്തമാക്കി.
വീസ നൽകൽ നിർത്തിവച്ച രാജ്യങ്ങളുടെ ഔദ്യോഗിക പട്ടിക യുഎസ് സർക്കാർ ഇതുവരെ പരസ്യമായി പുറത്തുവിട്ടിട്ടില്ല.
എന്നിരുന്നാലും, വിവിധ രാജ്യാന്തര മാധ്യമങ്ങൾ നിയന്ത്രണം നേരിടാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പേരുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ പട്ടികയിൽ മിഡിൽ ഈസ്റ്റ്, ഏഷ്യ, ആഫ്രിക്ക മേഖലകളിലെ നിരവധി രാജ്യങ്ങൾ ഉൾപ്പെടുന്നതായാണ് സൂചന. ഈ തീരുമാനത്തോട് അന്താരാഷ്ട്ര തലത്തിൽ പ്രതികരണങ്ങൾ ഉയരുന്നുണ്ട്.
മനുഷ്യാവകാശ സംഘടനകൾ ഈ നീക്കത്തെ വിമർശിച്ചപ്പോൾ, ആഭ്യന്തര സുരക്ഷ മുൻനിർത്തിയുള്ള അനിവാര്യ നടപടിയാണിതെന്ന് യുഎസ് ഭരണകൂടത്തെ അനുകൂലിക്കുന്നവർ വാദിക്കുന്നു.
പഠനം, തൊഴിൽ, കുടുംബകൂടിച്ചേരൽ തുടങ്ങിയ ആവശ്യങ്ങൾക്കായി അമേരിക്കയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് ആളുകളെയാണ് ഈ തീരുമാനം നേരിട്ട് ബാധിക്കുക.
വീസ നിയന്ത്രണം എത്ര കാലം തുടരുമെന്ന കാര്യത്തിൽ വ്യക്തതയില്ല. സുരക്ഷാ വിലയിരുത്തലുകളും നയപരമായ പുനഃപരിശോധനകളും പൂർത്തിയാക്കിയ ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളുവെന്ന് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചു.









