‘മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് കസ്റ്റഡിയിലെടുത്തത്’; നേർച്ചക്ക് വന്ന 18 കാരനെ മർദിച്ചില്ലെന്ന് പോലീസ്
തൃശൂർ: എടക്കഴിയൂർ നേർച്ച കാണാനെത്തിയ 18 കാരനെ ചാവക്കാട് പൊലീസ് സ്റ്റേഷനിലെത്തിച്ച് മർദിച്ചെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് പൊലീസ്.
മലപ്പുറം പാലപെട്ടി സ്വദേശി അനസാണ് പൊലീസിനെതിരെ മർദന പരാതി ഉന്നയിച്ചത്. എന്നാൽ മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനാലാണ് അനസിനെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.
പൊലീസ് മർദനം നടന്നിട്ടില്ലെന്നും കസ്റ്റഡിയിലെടുത്ത ശേഷം അനസിനെ ജാമ്യത്തിൽ വിട്ടയച്ചതായും പൊലീസ് അറിയിച്ചു. അനസ് മദ്യപിച്ചിരുന്നതായി തെളിയിക്കുന്ന മെഡിക്കൽ രേഖകളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
പൊലീസിനെ കണ്ടു ഓടുന്നതിനിടെ വീണതാണ് പരിക്കുകൾക്ക് കാരണമെന്നുമാണ് പൊലീസ് വിശദീകരണം.
പരിക്കേറ്റ അനസിനെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. എടക്കഴിയൂർ നേർച്ചക്കിടെ രണ്ട് സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.
ലാത്തിവീശിയതോടെ ആളുകൾ ചിതറിയോടിയതായും, ഈ സമയത്താണ് അനസ് വീണതെന്നും പൊലീസ് പറയുന്നു.
അതേസമയം, കയ്യിൽ കിട്ടിയ തനെയും മറ്റൊരാളെയും പൊലീസ് ചാവക്കാട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി അവിടെ വെച്ച് ക്രൂരമായി മർദിച്ചുവെന്നാണ് അനസിന്റെ ആരോപണം.
കൈക്കും കാലിനും കഴുത്തിനും അടിച്ചുവെന്നും, മർദന വിവരം പുറത്തുപറയരുതെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നുമാണ് അനസ് പറയുന്നത്. നിലവിൽ യുവാവ് ചികിത്സയിൽ തുടരുകയാണ്.
English Summary
Kerala Police have denied allegations that an 18-year-old youth was assaulted at Chavakkad Police Station after visiting the Edakkazhiyoor Nercha festival. The youth, identified as Anas from Malappuram, claimed custodial assault.
edakkazhiyoor-nercha-youth-assault-complaint-police-denial-chavakkad
Edakkazhiyoor Nercha, Chavakkad Police, custodial assault allegation, Thrissur news, Kerala police, Malappuram youth, law and order









