മോഷ്ടിച്ച 15 പവൻ സ്വർണത്തിൽ 10 പവനും മറന്നുവച്ച് മോഷ്ടാവ്
തിരുവനന്തപുരം: ആളില്ലാത്ത വീട്ടിൽ കുത്തിത്തുറന്ന് 15 പവൻ സ്വർണവും ഒരു ലക്ഷം രൂപയും കവർന്ന മോഷ്ടാവ്, അതിൽ 10 പവൻ സ്വർണം വീട്ടിനുള്ളിൽ തന്നെ മറന്നുവെച്ച വിചിത്ര സംഭവം മാറനല്ലൂരിൽ റിപ്പോർട്ട് ചെയ്തു.
രക്ഷപ്പെടുന്നതിനിടെ അടുക്കളയിൽ സ്വർണം ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഊരൂട്ടമ്പലം ഗോവിന്ദമംഗലം കട്ടറക്കുഴി നന്ദാവനത്തിൽ താമസിക്കുന്ന വർക്‌ഷോപ്പ് ജീവനക്കാരനായ പ്രതാപചന്ദ്രൻ നായരുടെ വീട്ടിലാണ് മോഷണം നടന്നത്.
മക്കൾ പഠിക്കുന്ന സ്കൂളിലെ വാർഷികാഘോഷത്തിൽ പങ്കെടുക്കുന്നതിനായി കുടുംബം വീട്ടിൽ നിന്ന് പുറത്തുപോയ സമയത്തായിരുന്നു മോഷണം.
മോഷ്ടിച്ച 15 പവൻ സ്വർണത്തിൽ 10 പവനും മറന്നുവച്ച് മോഷ്ടാവ്
രാത്രി ഒൻപത് മണിയോടെ വീട്ടുകാർ തിരികെ എത്തിയപ്പോൾ പിൻവാതിൽ തുറന്നുകിടക്കുന്നതാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്.
സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 15 പവൻ സ്വർണവും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടതായി മനസ്സിലായത്.
സ്ഥിരമായി ഉപയോഗിക്കുന്ന ആഭരണങ്ങൾ അലമാരയിലെ ഒരു ഭാഗത്തും, പത്ത് പവൻ സ്വർണം തുണിയിൽ കെട്ടി മറ്റൊരു ഭാഗത്തുമാണ് സൂക്ഷിച്ചിരുന്നത്.
മോഷ്ടാവ് അലമാരയിൽ നിന്ന് മുഴുവൻ ആഭരണങ്ങളും എടുത്തെങ്കിലും, തുണിയിൽ കെട്ടിയ പത്ത് പവൻ സ്വർണം അടുക്കളയിലെ സ്ലാബിൽ വെച്ച നിലയിലാണ് പിന്നീട് കണ്ടെത്തിയത്.
വീടിന്റെ പിൻവശത്തുകൂടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കള്ളൻ സ്വർണം അവിടെ മറന്നുവെച്ചതാകാമെന്നാണ് പൊലീസ് കരുതുന്നത്. ഇതേസമയം, ഒരു ലക്ഷം രൂപ പൂർണമായും മോഷ്ടാവ് കൈക്കലാക്കിയിട്ടുണ്ട്.
വീട്ടുകാർ മാറനല്ലൂർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് നായയെയും വിരലടയാള വിദഗ്ധരെയും സ്ഥലത്തെത്തി പരിശോധന നടത്തി.
വീടിനകത്തും പരിസരത്തും ശാസ്ത്രീയ പരിശോധനകൾ നടത്തിയെങ്കിലും പ്രതിയെക്കുറിച്ച് നിർണായക സൂചനകൾ ലഭിച്ചിട്ടില്ല.
മാറനല്ലൂർ പ്രദേശം സ്ഥിരമായി മോഷണങ്ങൾ നടക്കുന്ന കേന്ദ്രമായി മാറിയിരിക്കുന്നുവെന്ന പരാതിയും നാട്ടുകാർ ഉന്നയിക്കുന്നു.
കഴിഞ്ഞ നാല് മാസത്തിനിടെ മാത്രം ഒരു കോടിയിലധികം രൂപയുടെ മോഷണമാണ് ഈ മേഖലയിലുണ്ടായതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
എന്നിരുന്നാലും ഇതുവരെ ഒരു കേസിലും പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നതാണ് നാട്ടുകാരുടെ പ്രധാന ആശങ്ക.
തുടർച്ചയായി മോഷണങ്ങൾ നടക്കുന്നതിൽ പൊലീസിന്റെ അന്വേഷണം ഫലപ്രദമല്ലെന്ന വിമർശനവും ശക്തമാകുകയാണ്.
രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും, സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതടക്കമുള്ള സുരക്ഷാ നടപടികൾ വർധിപ്പിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.









