ഇടുക്കി ഉപ്പുതറയിൽ കൊലയ്ക്ക് പിന്നിൽ ഭർത്താവോ…?
ഇടുക്കി ഉപ്പുതറയിൽ വീട്ടമ്മയെ വീടിനുള്ളിൽ ചോര വാർന്ന് മരിച്ചനിലയിൽ വീടിനുള്ളിൽ കണ്ടെത്തി. ഉപ്പുതറ മത്തായിപ്പാറ, എംസി കവലയ്ക്ക് സമീപം മലേക്കാവിൽ രതീഷിന്റെ (സുബിൻ ) ഭാര്യ രജനിയാണ് (38) മരിച്ചത്.
സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. വീട്ടമ്മയടെ ഭർത്താവ് സുബിൻ ഒളിവിലാണ് ഉപ്പുതറ പോലീസ് ഇയാൾക്കായി അന്വേഷണം ആരംഭിച്ചു.
സുബിനും ഭാര്യ രജനിയുമായി കുടുംബ കലഹം പതിവായിരുന്നു. ഇത് സംബന്ധിച്ച് പലതവണ പോലീസിൽ പരാതികളും ലഭിച്ചിട്ടുണ്ട്.
സുബിനുമായി പിണങ്ങി പിണങ്ങി കുടുംബ വീട്ടിൽ പോയിരുന്ന രജനി ഒരു മാസം മുൻപാണ് തിരിച്ചെത്തിയത്. ഇതിനു ശേഷവും പ്രശ്‌നങ്ങൾ സ്ഥിരമായി ഉണ്ടാവുമായിരുന്നു.
ഇവർക്ക് മൂന്നു മക്കളുണ്ട്. വളകോട് സ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന ഇളയ മകൻ ചൊവ്വാഴ്ച നാലു മണിക്ക് വീട്ടിൽ വന്നപ്പോഴാണ് രജനി അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്.
ഇടുക്കി ഉപ്പുതറയിൽ കൊലയ്ക്ക് പിന്നിൽ ഭർത്താവോ…?
പല തവണ വിളിച്ചിട്ടും പ്രതികരിക്കാതെ വന്നപ്പോൾ അയലത്തെ വീട്ടിലെത്തി വിവരം പറഞ്ഞു. അയൽക്കാർ എത്തി പരിശോധിച്ചപ്പോഴാണ് രക്തം വാർന്ന് കിടക്കുന്നത് ശ്രദ്ധയിൽപെട്ടത്.
തുടർന്ന് പോലീസ് എത്തി പരിശോധിച്ച ശേഷമാണ് മരിച്ചെന്ന് സ്ഥിരീകരിച്ചത്. തലയ്ക്ക് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. രക്തം തളം കെട്ടി കിടപ്പുണ്ട്.
ഭർത്താവ് സുബിൻ ഉച്ചയ്ക്ക് രണ്ടോടെ ഉപ്പുതറയിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറി പരപ്പിലെത്തി ബസിൽ കയറി പോകുന്നത് കണ്ടവരുണ്ട്. ആലപ്പുഴയ്ക്ക് പോകുകയാണെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
ഇഞ്ചിമല കരിപ്പറമ്പിൽ കുഞ്ഞൂഞ്ഞു കട്ടി – രമണി ദമ്പതികളുടെ മകളാണ് മരിച്ച രജനി. മക്കൾ രേവതി ( ചങ്ങനാശേരി എൻഎസ്എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥി),രജിൻ (ഉപ്പുതറ സെയിന്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടൂ വിദ്യാർഥി), രാജീവ് (വളകോട് ഗവ. ഹൈസ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥി).
ബുധനാഴ്ച വിരലടയാള വിദഗ്ധർ, ഡോഗ് സ്‌ക്വാഡ്, സയന്റിഫിക് എക്‌സ്‌പേട്‌സ് എന്നിവരുടെ പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി വിട്ടു നൽകും.









